Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെയും അമിത്ഷായെയും...

മോദിയെയും അമിത്ഷായെയും വീണ്ടും പുകഴ്ത്തി ഷഹ്‍ല റാഷിദ്

text_fields
bookmark_border
മോദിയെയും അമിത്ഷായെയും വീണ്ടും പുകഴ്ത്തി ഷഹ്‍ല റാഷിദ്
cancel
camera_alt

ഷഹ്‍ല റാഷിദ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വീണ്ടും പുകഴ്ത്തി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു) മുൻ വിദ്യാർഥി നേതാവ് ഷഹ്‌ല റാഷിദ്. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഷഹ്‍ലയുടെ മോദി, അമിത്ഷാ സ്തുതി. നേരത്തെ സമൂഹമാധ്യമത്തിലും അവർ ഇത്തരത്തിൽ നിലപാടുമാറ്റം വ്യക്തമാക്കിയിരുന്നു.

മോദി ‘നിസ്വാർത്ഥ’ മനുഷ്യനാണെന്നും വിമർശനങ്ങളെ കാര്യമാക്കാതെ തന്റെ ജനപ്രീതിയെ പോലും അവഗണിച്ച് അദ്ദേഹം നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ഷഹ്‍ല അഭിപ്രായ​​പ്പെട്ടു. അമിത്ഷായാണ് കശ്മീരിൽ സമാധാനം ഉറപ്പാക്കിയതെന്നും രാജ്യത്ത് സുസ്ഥിര ഭരണവും സമ്പദ്‌വ്യവസ്ഥയും കൊണ്ടുവരാനാണ് ഇരുവരുടെയും ശ്രമമെന്നും പുകഴ്ത്തൽ തുടർന്നു.

നേരത്തെ, കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്ര സർക്കാരിനെതിരെ ഷഹ്‍ല സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇവർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. 124എ(രാജ്യദ്രോഹം), 153എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുക, ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുക), 153(കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നിലപാടിൽ കരണംമറിഞ്ഞത്. ജൂലൈയിൽ പരാതി പിൻവലിച്ച ഷഹ്‍ല, കശ്മീരിലെ മനുഷ്യാവകാശം മോദിസർക്കാറിന്‍റെ കാലത്ത് മെച്ചപ്പെട്ടെന്ന നിലപാടുമായി രംഗത്തെത്തുകയായിരുന്നു. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിക്കുകയും ചെയ്തു.

ദലിത് വിദ്യാർഥി രോഹിത് വെമുല സവർണ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് സമരങ്ങൾക്ക് നേതൃത്വം നൽകിയാണ് ഷഹ്‍ല ആദ്യമായി വാർത്തകളിൽ ഇടംപിടിച്ചത്. പിന്നീട് ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിന്റെയും കടുത്ത വിമർശകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിക്കെതിരെ സമരം ചെയ്തതിന് യു.എ.പി.എ ചുമത്തി ജയിലിലടച്ച ഉമർ ഖാലിദിന്റെയും കനയ്യ കുമാറിന്റെയും സഹപ്രവർത്തകയായിരുന്നു ഷഹ്‍ല. പിന്നീട് നിലപാടിൽ മലക്കംമറിച്ചിൽ നടത്തിയത് സമൂഹമാധ്യമങ്ങളിൽ വിമർശനത്തിനിടയാക്കിയിരുന്നു.

രാജ്യതാൽപര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന നിസ്വാർത്ഥ വ്യക്തിയാണ് മോദിയെന്നാണ് ഷഹ്‍ലയുടെ പുകഴ്ത്തൽ. ‘ഇത് നിങ്ങളുടെ രാജ്യമാണെന്നും എവിടെ വേണമെങ്കിലും താമസിക്കാനും പോകാനും കഴിയുമെന്നും ശ്രീനഗർ സന്ദർശന വേളയിൽ അമിത് ഷാ കശ്മീരികളോട് പറഞ്ഞിരുന്നു. ലോകത്ത് മറ്റൊരുസ്ഥലത്തിനും അവകാശപ്പെടാനില്ലാത്ത സമാധാനവും വികസനവുമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്’ -ഷഹ്‍ല പറഞ്ഞു.

കാശ്മീരിൽ ഇന്റർനെറ്റ് എവിടെയും ലഭ്യമാണെന്നും 5G വരെ ലഭിക്കുന്നു​ണ്ടെന്നും അവകാശപ്പെട്ടു. എതിരാളികളുടെ നല്ല പ്രവൃത്തികളെ അംഗീകരിക്കാൻ ആളുകൾ തയാറല്ലെന്നും അത് ജനാധിപത്യത്തിന് നല്ലതല്ലെന്നും അവർ എ.എൻ.ഐയോട് പറഞ്ഞു.

കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ വർഷമായ 2019 മുതൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് നിലച്ചതായി അവർ പറഞ്ഞു. ‘നിലവിലെ സർക്കാർ കശ്മീരിനെ സുരക്ഷാ പ്രശ്‌നമായിട്ടല്ല, രാഷ്ട്രീയ പ്രശ്‌നമായാണ് പരിഗണിക്കുന്നത്. ആർട്ടിക്കിൾ 370 ഉള്ളപ്പോൾ തങ്ങൾ പ്രത്യേക വിഭാഗം ആണെന്ന ബോധം കശ്മീരികൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെങ്കിലും ആളുകൾ ആർട്ടിക്കിൾ 370 മുറുകെ പിടിച്ചു. എന്നാൽ അത് ഒഴിവാക്കിയതോടെ ‘നിങ്ങൾ ഇന്ത്യക്കാരനാണോ അതോ കാശ്മീരിയാണോ?’ എന്ന സ്വത്വപ്രതിസന്ധി അവസാനിച്ചു. കാശ്മീരിനെ ക്രമസമാധാന പ്രശ്‌നമായോ സുരക്ഷാ പ്രശ്‌നമായോ പരിഗണിക്കാത്ത നിലവിലെ ഭരണകൂടത്തിനാണ് അതിന്റെ ക്രെഡിറ്റ് ഞാൻ നൽകുന്നത്. പ്രശ്നം ശരിയായി കണ്ടുപിടിക്കാൻ അവർക്ക് കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു’ -ഷഹ്‍ല അഭിമുഖത്തിൽ പറഞ്ഞു.

“കശ്മീർ ഗസ്സയ​ല്ലെന്ന് വ്യക്തമായതിന് നന്ദിയുണ്ട്. കശ്മീരിൽ പ്രതിഷേധങ്ങളും ഇടയ്ക്കിടെയുള്ള കലാപങ്ങളും നുഴഞ്ഞുകയറ്റങ്ങളും ഉണ്ടായിരുന്നു. ആരെങ്കിലും ആ മഞ്ഞുമല തകർക്കേണ്ടതുണ്ട്. നിലവിലെ സർക്കാറിന് - പ്രത്യേകിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും- അതിന്റെ ക്രെഡിറ്റ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനൊരു രാഷ്ട്രീയ പരിഹാരം അവർ ഉറപ്പാക്കിയിട്ടുണ്ട്’ -അവർ കൂട്ടിച്ചേർത്തു.

ബി.ജെ.പി രൂപീകരിക്കുന്നതിന് മുമ്പ് ഇവിടെ വർഗീയത ഉണ്ടായിരുന്നുവെന്നും 70 വർഷം മുമ്പ് മതത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം വിഭജിക്കപ്പെട്ടതെന്നും ഷഹ്‍ല പറഞ്ഞു. ‘2014ൽ ബിജെപി ഭരണത്തിൽ വന്നപ്പോൾ തുടങ്ങിയതാണ് വർഗീയതയെന്ന് പറയാനാകില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ വിഭജിക്കപ്പെട്ടിരിക്കുന്നു, അത് രക്തരൂക്ഷിതമായ വിഭജനമായിരുന്നു. വർഗീയത ഉണ്ടായിട്ടുണ്ട്, വർഗീയത തുടരുകയും ചെയ്യും. അതേസമയം നമ്മൾ നെഗറ്റീവുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് പ്രശ്നത്തിന്റെ കാതൽ. പോസിറ്റീവുകൾ ആഘോഷിക്കാൻ നമ്മൾ മറക്കുന്നു” -അവർ പറഞ്ഞു.

മുസ്‍ലിംകൾ നേരിടുന്ന വിവേചനം യാഥാർഥ്യമാണെന്നും എന്നാൽ, അത്തരം നെഗറ്റീവ് കാര്യത്തിൽ മാത്രം ഊന്നൽ നൽകി വർഷങ്ങൾ പാഴാക്കരുതെന്നും ഷഹ്‍ല അഭിപ്രായ​​പ്പെട്ടു. ‘ഒരു മുസ്‌ലിം എന്ന നിലയിൽ അവർ നിങ്ങളെ വേദനിപ്പിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, ഒരു മുസ്‌ലിം എന്ന നിലയിൽ നമ്മൾ അക്കാര്യത്തിൽ മുഴുകേണ്ടതുണ്ടോ? ഞാൻ അങ്ങനെ വിചാരിക്കുന്നില്ല. കാരണം അതിന്റെ പേരിൽ നമ്മൾക്ക് വർഷങ്ങൾ പാഴായി. ഇത് മറ്റാരുടെയും രാജ്യം പോലെ നമ്മുടെയും രാജ്യമാണ്. മുസ്‍ലിം സമുദായത്തെ ന്യൂനപക്ഷമായല്ല, രണ്ടാമത്തെ വലിയ ഭൂരിപക്ഷമായാണ് രാഷ്ട്രീയ അക്കാദമിക് വിദഗ്ധർ തരംതിരിക്കുന്നത്” -അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiJNUAmit ShahShehla Rashid
News Summary - JNU activist Shehla Rashid calls PM Modi ‘selfless’, praises Amit Shah
Next Story