ജെ.എന്‍.യു പ്രവേശന നടപടിയില്‍ മാറ്റം; പിന്നാക്ക വിഭാഗത്തിന്‍െറ പ്രവേശനം ഇല്ലാതാക്കാനാണെന്ന് ആരോപണം
text_fieldsന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പ്രവേശന നടപടികളില്‍ നിലവിലെ രീതി മാറ്റാന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനം. 2018-19 അക്കാദമിക് വര്‍ഷം മുതല്‍ തുടങ്ങാനാണ് കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ഇതിനിടെ കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നു കാണിച്ച് പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട എട്ട് വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു. എം.ഫില്‍, പിഎച്ച്.ഡി പ്രവേശനത്തിന് അഭിമുഖ പരീക്ഷക്ക് മുന്‍ഗണന നല്‍കുക, 25 ശതമാനം ഫീസ് വര്‍ധിപ്പിക്കുക, പ്രവേശന പരീക്ഷ അഞ്ചുമാസം നേരത്തേയാക്കുക തുടങ്ങിയവയാണ് കൗണ്‍സില്‍ യോഗം അംഗീകരിച്ചത്.
അഭിമുഖ പരീക്ഷക്ക് മുന്‍ഗണന നല്‍കുന്നതും ഫീസ് വര്‍ധിപ്പിക്കുന്നതും ദലിത്, ആദിവാസി, മുസ്ലിം പിന്നാക്ക വിഭാഗത്തിന്‍െറ പ്രവേശനത്തെ കടുപ്പമാക്കുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നിലവില്‍തന്നെ പിന്നാക്ക വിഭാഗം വിവേചനം നേരിടുന്നുണ്ട്. അഭിമുഖത്തിന് പ്രാധാന്യം നല്‍കിയാല്‍ പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര തിളങ്ങാനാവാതെ വരുകയും മറ്റു ഇടപെടലുകള്‍ നടക്കുമെന്നും വിദ്യര്‍ഥി സംഘടനകള്‍ ആരോപിച്ചു. നിലവില്‍ മേയ് മാസത്തില്‍ നടക്കുന്ന പരീക്ഷ നേരത്തേയാക്കുന്നതോടെ കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെയും ബാധിക്കും.
ബോര്‍ഡ് പരീക്ഷഫലം വരുന്നതിനു മുമ്പോ വര്‍ഷം നഷ്ടപ്പെടുത്തിയോ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതേണ്ടിവരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സര്‍വകലാശാലയുടെ പുതിയ തീരുമാനത്തിനെതിരെ വിദ്യാര്‍ഥി യൂനിയനും അധ്യാപകരില്‍ ഒരു വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. പ്രവേശന നടപടികളിലെ മാറ്റം നിര്‍ത്തലാക്കുക, നജീബിനെ മര്‍ദിച്ച എ.ബി.വി.പിക്കാരെ ശിക്ഷിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ച പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെയാണ് ഹോസ്റ്റലില്‍നിന്നടക്കം സസ്പെന്‍ഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.