ജെ.എൻ.യു സംഘർഷം; വിദ്യാർഥികൾക്ക് രാമനവമി പൂജയും ഇഫ്താർ വിരുന്നും നടത്താൻ ഹോസ്റ്റൽ അധികൃതർ അനുമതി നൽകിയില്ല
text_fieldsന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട് ഒരു ദിവസം കഴിഞ്ഞിട്ടും രാമനവമിയോട് അനുബന്ധിച്ച് പൂജ സംഘടിപ്പിക്കാനോ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാനോ ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥികൾക്ക് അനുമതി നൽകിയില്ലെന്ന് റിപ്പോർട്ട്. ഹോസ്റ്റലുകളിൽ മതപരമായ പരിപാടികൾ നടത്താൻ സർവകലാശാല അനുവദിക്കാത്തതിനാലാണിതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
സംഘർഷം നടന്ന കാവേരി ഹോസ്റ്റലിലെ വാർഡൻ ഞായറാഴ്ച നൽകിയ നോട്ടീസിൽ മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുൻകൂറായി അനുമതി വാങ്ങണമെന്ന് വ്യക്തമാക്കിയിരുന്നു. അനുമതി ലഭിക്കാതിരുന്നിട്ടും എ.ബി.വി.പി പ്രവർത്തകർ രാമനവമി ദിനത്തിൽ പൂജാ പരിപാടി സംഘടിപ്പിക്കുകയും ഇടതു വിദ്യാർഥികൾ പൂജ തടസ്സപ്പെടുത്താൻ ശ്രമിച്ചതായും അവർ അവകാശപ്പെട്ടു.
അതേസമയം ബഹളം സൃഷ്ടിക്കാൻ എ.ബി.വി.പി 'മസിൽ പവറും ഗുണ്ടായിസവും' ഉപയോഗിച്ചെന്നും സസ്യേതര വിഭവങ്ങളൊന്നും തയ്യാറാക്കരുതെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ [ജെ.എൻ.എസ്.യു] ആരോപിച്ചു. എ.ബി.വി.പിക്കാർക്കെതിരെ ജെ.എൻ.എസ്.യുവും മറ്റ് ഇടതുപക്ഷ വിദ്യാർഥി സംഘടനകളും നൽകിയ പരാതിയെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പരിക്കേറ്റ വിദ്യാർഥികളെയും ആക്രമണത്തിന് ഇരയായവരെയും ഡൽഹി പൊലീസ് ചോദ്യം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഞായറാഴ്ച നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാന അന്തരീക്ഷം നിലനിർത്താനും അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ജെ.എൻ.യുവിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.