ജെ.എൻ.യുവിലെ വിവാദ അധ്യാപകൻ മസ്ഹർ ആസിഫ് ജാമിഅ വി.സി
text_fieldsന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) ഹോസ്റ്റൽ ഫീസ് ഉയർത്തിയതിനെതിരെ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട അധ്യാപകൻ മസ്ഹർ ആസിഫിനെ ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചു. ജെ.എൻ.യു സ്കൂൾ ഓഫ് ലാംഗ്വേജസിൽ പ്രഫസറാണ് മുൻ എ.ബി.വി.പിക്കാരൻകൂടിയായ മസ്ഹർ. 2020ലെ ദേശീയ വിദ്യാഭ്യാസ നയ രൂപവത്കരണ സമിതി അംഗംകൂടിയായിരുന്ന മസ്ഹറിന്റെ നിയമനം അഞ്ച് വർഷത്തേക്കാണ്.
2020 ജനുവരി ആദ്യവാരം ജെ.എൻ.യുവിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ സംഘ്പരിവാർ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കായികമായി നേരിട്ടത് വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രക്ഷോഭകരെ കാമ്പസിനകത്ത് മർദിക്കാൻ ഒത്താശചെയ്തത് ജെ.എൻ.യുവിലെ സംഘ്പരിവാർ പശ്ചാത്തലമുള്ള ഏതാനും അധ്യാപകരായിരുന്നുവെന്ന് സമരക്കാർ ആരോപിച്ചിരുന്നു. ഇക്കൂട്ടത്തിൽ ആദ്യത്തെ പേരുകാരനായിരുന്നു മസ്ഹർ. അദ്ദേഹത്തിന്റെ എ.ബി.വി.പി പശ്ചാത്തലവും അന്ന് ചർച്ചയായിരുന്നു.
പിന്നീട്, വിദ്യാർഥികൾക്കെതിരായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ വി.സി നിയമിച്ച സമിതിയിലും അന്ന് അസോസിയേറ്റ് ഡീൻ ആയിരുന്ന മസ്ഹർ അംഗമായി. ഇതേ കാലത്തുതന്നെ, മസ്ഹർ ജാതിവിവേചനം കാണിച്ചുവെന്ന് ആരോപിച്ച് ജെ.എൻ.യുവിലെ പട്ടിക വർഗവിഭാഗത്തിൽപെട്ട ഒരു ജീവനക്കാരി പരാതിയുമായി രംഗത്തെത്തിയിരുന്നു. വിഷയം ഹൈകോടതിയുടെയും ദേശീയ എസ്.ടി ട്രൈബ്യൂണലിന്റെയും പരിഗണനക്ക് വന്നു. പരാതിക്കാരിയുടെ കരിയർ ഇല്ലാതാക്കുംവിധം അവരുടെ ഗ്രേഡ് മനഃപൂർവം വെട്ടിയതായി സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല. അടുത്തിടെ, വിവാദമായ എൻ.സി.ഇ.ആർ.ടി സാമൂഹികശാസ്ത്ര പാഠപുസ്തക സമിതിയിലും മസ്ഹർ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.