ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് ഐഷി ഘോഷ് ബംഗാളിൽ സി.പി.എം സ്ഥാനാർഥി
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്‍റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷ് ബംഗാളിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്. ബംഗാൾ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായി ഐഷി ഘോഷ് മത്സരത്തിനിറങ്ങും. ഇതോടെ ജെ.എൻ.യു വിദ്യാർഥി സംഘടന നേതാവായിരിക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വ്യക്തിയാകും ഐഷി.
ജമുരിയ മണ്ഡലത്തിൽനിന്നാകും ഐഷി മത്സരിക്കുക. കർഷക സംഘടനകളുടെ പിന്തുണയും ഐഷിക്കുണ്ടാകും.
'ജമുരിയ നിയമസഭ മണ്ഡലത്തിൽനിന്ന് സി.പി.എം സ്ഥാനാർഥിയായി മത്സരിക്കും. സംയുക്ത കിസാൻ മോർച്ച പിന്തുണ നൽകും. എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നു' -ഐഷി ഘോഷ് ട്വീറ്റ് ചെയ്തു.
ഇടതുപക്ഷവും കോൺഗ്രസും സംയുക്തമായാണ് ബംഗാളിൽ മത്സരത്തിനിറങ്ങുക. ഇന്ത്യൻ സെക്യുലർ ഫ്രണ്ടും സഖ്യത്തിനൊപ്പമുണ്ട്. ആദ്യ രണ്ടുഘട്ടത്തിലെ സ്ഥാനാർഥികളെ മാർച്ച് അഞ്ചിന് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. ബാക്കി ആറുഘട്ടങ്ങളിലെ സ്ഥാനാർഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.
2020 ജനുവരിയിൽ ജെ.എൻ.യുവിൽ നടന്ന ആക്രമണത്തിൽ ഐഷി ഘോഷിന് മാരകമായി പരിക്കേറ്റിരുന്നു. തുടർന്ന് ഉടലെടുത്ത പ്രതിഷേധം രാജ്യമെമ്പാടും അരങ്ങേറിയിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുൻ ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ മത്സരിച്ചിരുന്നു. ബിഹാറിൽനിന്നാണ് അദ്ദേഹം ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.