എ.ബി.വി.പിക്കാർ വിദ്യാർഥികളെ അക്രമിച്ചെന്ന് ജെ.എൻ.യു വിദ്യാർഥി യൂണിയൻ; അപലപിച്ച് എം.കെ. സ്റ്റാലിൻ
text_fieldsന്യൂഡൽഹി: ബോംബെ ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത ദലിത് വിദ്യാർഥിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ജെ.എൻ.യുവിൽ നടന്ന മാർച്ചിന് പിന്നാലെ എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥികളെ അക്രമിച്ചെന്ന് സർവകലാശാല യൂണിയൻ.
'വിദ്യാർഥികൾക്ക് നേരെ വീണ്ടും എ.ബി.വി.പി ആക്രമണം നടത്തിയിരിക്കുകയാണ്. ദർശൻ സോളങ്കിയുടെ പിതാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച മാർച്ചിന് ശേഷമാണ് അവർ ഇത് ചെയ്തത്. ജാതി വിവേചനത്തിനെതിരായ മുന്നേറ്റത്തെ അട്ടിമറിക്കാനാണ് എ.ബി.വി.പി ശ്രമിക്കുന്നത്' -ഇടത് നേതൃത്വത്തിലുള്ള ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം ആരോപണം നിഷേധിച്ച് രംഗത്തെത്തിയ എ.ബി.വി.പി ഇടത് പ്രവർത്തകർ ഛത്രപതി ശിവാജി മഹാരാജിന്റെ ചിത്രത്തിൽ നിന്ന് മാല അഴിച്ച് വലിച്ചെറിഞ്ഞെന്ന് ആരോപിച്ചു. ശിവാജി മഹാരാജിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിലുണ്ടായിരുന്ന മാല വലിച്ചെറിഞ്ഞതെന്ന് എ.ബി.വി.പി പറഞ്ഞു.
കാമ്പസിൽ തമിഴ് വിദ്യാർഥികൾക്ക് നേരെ എ.ബി.വി.പി നടത്തിയ ആക്രമണത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അപലപിച്ചു. ജെ.എൻ.യുവിൽ പെരിയാർ, കാൾ മാർക്‌സ് തുടങ്ങിയ നേതാക്കളുടെ ഛായാചിത്രങ്ങൾ നശിപ്പിച്ച എ.ബി.വി.പി, തമിഴ് വിദ്യാർഥികൾക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും സർവകലാശാലാ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.