ഫലസ്തീൻ അനുകൂല പ്രക്ഷോഭം: കൊളംബിയ വിദ്യാർഥികൾക്ക് ഐക്യദാർഢ്യമറിയിച്ച് ജെ.എൻ.യു വിദ്യാർഥി യൂനിയൻ
text_fieldsന്യൂഡൽഹി: ഇസ്രായേൽ ഫലസ്തീനുനേരെ നടത്തുന്ന വംശഹത്യക്കെതിരെ ശബ്ദമുയർത്തുന്ന കൊളംബിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യമറിയിച്ച് ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി സ്റ്റുഡൻറ്സ് യൂനിയൻ (ജെ.എൻ.യു.എസ്.യു). കൊളംബിയയിലെ വിദ്യാർഥികൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധത്തിനും മൗലികാവകാശമുണ്ടെന്ന് പ്രസ്താവനയിൽ അറിയിച്ചു.
ഫലസ്തീനിലെ വംശഹത്യയിൽനിന്ന് ലാഭം കൊയ്യുന്ന കമ്പനികളിൽനിന്ന് കൊളംബിയ യൂനിവേഴ്സിറ്റി സാമ്പത്തികമായി പിന്മാറണമെന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ സുവ്യക്തമാണ്. സംവാദത്തിനു പകരം സർവകലാശാല ഭരണകൂടം അടിച്ചമർത്തൽ തന്ത്രങ്ങൾ അവലംബിക്കുന്നുവെന്നത് ആശങ്കാജനകമാണ്. പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യാനും അറസ്റ്റുചെയ്യാനുമുള്ള സർവകലാശാലയുടെ തീരുമാനത്തെയും സ്വന്തം കാമ്പസിലെ വിദ്യാർഥികളെ അറസ്റ്റ് ചെയ്യാനുള്ള കൊളംബിയ പ്രസിഡൻറ് ഷഫീക്കിന്റെ പരസ്യമായ ആഹ്വാനത്തെയും അപലപിക്കുന്നു.
ഫലസ്തീനിയൻ വംശഹത്യയിൽ പങ്കാളികളായ കമ്പനികൾക്ക് ഫണ്ട് നൽകുന്നതിനായി വിദ്യാർഥികളുടെ കോടിക്കണക്കിന് വരുന്ന ട്യൂഷൻ ഫീസ് ഉപയോഗിക്കുന്നത് കൊളംബിയ സർവകലാശാല അവസാനിപ്പിക്കണം. ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ പോരാട്ടത്തിൽ മാത്രമല്ല, സർവകലാശാലയുടെ ചൂഷണ നയങ്ങൾക്കെതിരെയും ഫലസ്തീനിലെ വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്നതിനും ധനസഹായം നൽകുന്നതിനുമുള്ള യു.എസ് ഇടപെടലുകൾക്കെതിരെയും ജെ.എൻ.യു.എസ്.യു ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. രാജ്യത്തിന്റെ ചരിത്രപരമായ നിലപാടിൽനിന്ന് വ്യതിചലിച്ച് ഇസ്രായേലിനെ പിന്തുണക്കുന്ന ആർ.എസ്.എസ് പിന്തുണയുള്ള ഇന്ത്യൻ സർക്കാറിന്റെ നിലപാടിനെയും അപലപിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ ഉടൻ തിരിച്ചെടുക്കുകയും പ്രതിഷേധക്കാർക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ പിൻവലിക്കുകയും വേണം.
ജെ.എൻ.യുവിലെ സ്കൂൾ ഓഫ് ഇന്‍റർനാഷനൽ സ്റ്റഡീസ് 29ന് ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റിയുടെ പ്രഭാഷണം സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കൻ പിന്തുണയോടെ ഫലസ്തീനിൽ ഇസ്രായേൽ കൊടിയ ദുരന്തം അഴിച്ചുവിടുന്നതിനിടയിലാണ് ഇത്തരമൊരു പരിപാടി. കൊളംബിയ സർവകലാശാലയിൽ നടന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ, ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ പങ്കാളിയായ ഗാർസെറ്റിയെ ക്ഷണിച്ചതിനെതിരെ ജെ.എൻ.യു.എസ്.യു നിലകൊള്ളുന്നുവെന്ന് പ്രസിഡന്‍റ് ധനഞ്ജയ്, വൈസ് പ്രസിഡന്‍റ് അവ്ജിത്ത് ഘോഷ്, ജന. സെക്രട്ടറി പ്രിയാൻഷി ആര്യ, ജോ. സെക്രട്ടറി മുഹമ്മദ് സാജിദ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.