രണ്ട് ഡസനോളം ഫാക്കൽറ്റി അംഗങ്ങളുടെ പ്രൊബേഷൻ നീട്ടി; ജെ.എൻ.യു വൈസ് ചാൻസലർക്കെതിരെ രോഷം
text_fieldsന്യൂഡൽഹി: തൊഴിൽ സ്ഥിരീകരണത്തിന് വകുപ്പു മേധാവികളിൽ നിന്നും അനുകൂലമായ ശിപാർശകൾ ഉണ്ടായിരുന്നിട്ടും രണ്ട് ഡസനോളം ഫാക്കൽറ്റി അംഗങ്ങളുടെ പ്രൊബേഷൻ കാലാവധി നീട്ടി ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ്.
ജെ.എൻ.യുവിൽ കഴിഞ്ഞ വർഷം മാർച്ചിനും സെപ്‌റ്റംബറിനുമിടയിൽ 105 ഫാക്കൽറ്റി അംഗങ്ങളെ നിയമിച്ചിരുന്നു. അവർ ഒരു വർഷത്തേക്ക് പ്രൊബേഷനിൽ കഴിയണം. ആറുമാസത്തിനുശേഷവും 10 മാസത്തിനൊടുവിലും അവരുടെ ആദ്യ പ്രകടന റിപ്പോർട്ട് നൽകും. ജോലി സ്ഥിരീകരണം സംബന്ധിച്ച തീരുമാനത്തിനായി അവസാന റിപ്പോർട്ട് എക്സിക്യൂട്ടിവ് കൗൺസിലിന് (ഇ.സി)സമർപിക്കണം.
എന്നാൽ, ജെ.എൻ.യു ഭരണസമിതി 44 ഫാക്കൽറ്റി അംഗങ്ങളുടെ ജോലി സ്ഥിരീകരിക്കുകയും മറ്റ് രണ്ട് ഡസൻ പേർക്ക് പ്രൊബേഷൻ കാലയളവ് നീട്ടുകയും ചെയ്തു. സെന്‍ററുകളുടെ ചെയർപേഴ്‌സൻമാരിൽനിന്നും സ്‌കൂൾ ഡീൻമാരിൽനിന്നും അനുകൂലമായ ശിപാർശകൾ ഉണ്ടായിരിക്കെയാണ് ഇത്രയും പേരുടെ പ്രൊബേഷൻ ശാന്തിശ്രീ പണ്ഡിറ്റ് നീട്ടിയതെന്ന് ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷൻ വിമർശിച്ചു.
എക്സിക്യൂട്ടിവ് കൗൺസിലിന്റെ അനുമതിയില്ലാതെ പുറപ്പെടുവിച്ച പ്രൊബേഷൻ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഉത്തരവുകൾ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് അസോസിയേഷൻ വിശേഷിപ്പിച്ചത്. ജോലി ഏൽപ്പിക്കുന്നതിലോ ഫാക്കൽറ്റി അംഗങ്ങളുടെ പ്രകടനം നിരീക്ഷിക്കുന്നതിലോ വി.സി നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് അസോസിയേഷൻ പറഞ്ഞു. പ്രൊബേഷൻ കാലയളവ് അവസാനിക്കുന്നതിന് 40 ദിവസത്തിന് മുമ്പ് ഒരു അധ്യാപകനെ പ്രൊബേഷനിൽ തുടർന്നും നിലനിർത്തുന്നുവെങ്കിൽ അത് ഇ.സി മുമ്പാകെ വെക്കുക എന്നത് രജിസ്ട്രാറുടെ കടമയാണെന്ന് പ്രസ്താവിക്കുന്ന യൂണിവേഴ്സിറ്റി ചട്ടം അസോസിയേഷൻ ഉദ്ധരിച്ചു. നിർഭാഗ്യവശാൽ, ഈ നിയമങ്ങളെല്ലാം വൈസ് ചാൻസലർ പരസ്യമായി ലംഘിക്കുകയും അധ്യാപകർക്കിടയിൽ നിരാശയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
ഫാക്കൽറ്റി അംഗങ്ങളുടെ പ്രൊബേഷൻ നീട്ടുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് നിലപാട് അറിയാൻ പണ്ഡിറ്റിന് ഇ-മെയിൽ അയച്ചുവെന്നുംഅവരുടെ പ്രതികരണം കാത്തിരിക്കുകയാണെന്നും ടീച്ചേർസ് അസോസിയേഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.