തൊഴിൽ സമ്മർദം അപകടം വർധിപ്പിക്കുന്നു- റെയിൽവേ ജീവനക്കാർ
text_fieldsന്യൂഡൽഹി: ട്രെയിനുകളുടെ സമയം കൃത്യമായി പാലിക്കാനുള്ള സമ്മർദവും തിരക്കേറിയ പാതകളിൽ ഇടതടവില്ലാതെ ട്രെയിനുകൾ വരുന്നതും നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുമെല്ലാം കാരണമുണ്ടാകുന്ന സമ്മർദം അപകടങ്ങൾ വർധിപ്പിക്കുന്നതായി റെയിൽവേ ജീവനക്കാർ പറയുന്നു. തൊഴിൽ മേഖലയിൽ വലിയ സമ്മർദമാണ് ജീവനക്കാർ അനുഭവിക്കുന്നത്. ഒഡിഷയിലുണ്ടായ അപകടം, തൊഴിൽ സമ്മർദത്തിനിടെ ജീവനക്കാർക്കും പിഴവ് സംഭവിച്ചിരിക്കാമെന്നും മനപ്പൂർവമുണ്ടാക്കുന്ന പിഴവാണെന്ന് പറയാനാവില്ലെന്നും ജീവനക്കാർ ഒരുപോലെ ചൂണ്ടിക്കാട്ടുന്നു.
റെയിൽവേയിൽ സിഗ്നൽ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ മാത്രം 14,815 തസ്തികകൾ ഇന്ത്യയിലുടനീളം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതു ജീവനക്കാർക്ക് ജോലിഭാരം ഇരട്ടിയാക്കും. ഇതെല്ലാം മനപ്പൂർവമല്ലാത്ത അപകടങ്ങൾക്ക് കാരണമാകുമെന്നും ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ റെയിൽവേ ജീവനക്കാർ പറഞ്ഞു.
ഒഡിഷയിൽ ട്രെയിൻ അപകടം നടന്ന ബഹാനഗ ബസാർ റെയിൽവേ സ്റ്റേഷൻ സൗത്ത് ഈസ്റ്റേൺ റെയിൽവേ സോണിൽ പെട്ടതാണ്. ഈ സോണിൽ 17,811 നോൺ ഗെസറ്റഡ് തസ്തികകളും 150 ഗെസറ്റഡ് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
രാജ്യത്തെ തിരക്കേറിയ പാതകളിൽ രണ്ടോ മൂന്നോ മിനിറ്റിൽ ട്രെയിൻ കടന്നുപോകുന്നുണ്ട്. ഈ സമയം സമ്മർദം വർധിക്കുമ്പോൾ ചില കാര്യങ്ങൾ അവഗണിക്കും. ഇത് ബോധപൂർവമായിരിക്കില്ല. പക്ഷേ, അപകടത്തിന് കാരണമാകുമെന്നും ജീവനക്കാർ വാർത്താ ചാനലിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.