യു.പിയിൽ ബിരുദാനന്തര ബിരുദധാരികളും തൊഴിലുറപ്പ് പദ്ധതിക്ക്; രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷം
text_fieldsലഖ്നോ: രാജ്യത്തെ തൊഴിലില്ലായ്മയുടെ ആഴം വ്യക്തമാക്കി യു.പിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ വിവിധ ഗ്രാമങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾ വരെ തൊഴിലുറപ്പ് ജോലിക്കെത്തുന്നുവെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കമ്പനി ലീവിൽ പോകാൻ പറഞ്ഞുവെന്ന് തൊഴിലുറപ്പ് ജോലിക്കെത്തിയ യു.പിയിലെ എം.എ ബിരുദധാരിയായ റോഷൻ കുമാർ പറയുന്നു. ഇതോടെ വീണ്ടും ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നു. മറ്റ് ജോലികളൊന്നും ലഭിക്കാതായതോടെയാണ് തൊഴിലുറപ്പ് പദ്ധതിക്ക് പോകേണ്ടി വന്നത്-റോഷൻ പറഞ്ഞു. തൊഴിൽ ലഭിക്കാതായതോടെയാണ് ബി.ബി.എ ബിരുദധാരിയായ സത്യേന്ദ്ര കുമാർ ഗ്രാമമുഖ്യെൻറ സഹായത്തോടെയാണ് തൊഴിലുറപ്പ് ജോലിയിൽ പ്രവേശിച്ചത്.
എം.എയും ബി.എഡുമുള്ള സുർജിത് കുമാറിേൻറയും സ്ഥിതി വ്യത്യസ്തമല്ല. പഠനം പൂർത്തിയാക്കിയതിന് ശേഷം തൊഴിൽ തേടുന്നതിനിടെയാണ് ലോക്ഡൗൺ എത്തിയത്. ഇതോടെ മാർഗങ്ങളെല്ലാം അടഞ്ഞു. കുടുംബത്തിെൻറ ചെലവുകൾ നടത്താൻ വഴിയില്ലാതായതോടെയാണ് തൊഴിലുറപ്പ് പദ്ധതിക്കിറങ്ങിയതെന്ന് സുർജിത് കുമാറും പറയുന്നു.
നേരത്തെ ശരാശരി 20 പേരാണ് തൊഴിലുറപ്പ് പദ്ധതിക്കെത്തിയിരുന്നതെങ്കിൽ ഇപ്പോഴത് 100 ആയി ഉയർന്നിട്ടുണ്ട്. ഏപ്രിലിൽ മാത്രം രാജ്യത്ത് 30 ലക്ഷം പേരാണ് തൊഴിലുറപ്പ് പദ്ധതിക്കായി രജിസ്റ്റർ ചെയ്തത്. ഏകദേശം 14 കോടി പേർക്കാണ് തൊഴിലുറപ്പ് കാർഡുകളുള്ളത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കണമെന്നാണ് സാമ്പത്തികവിദഗ്ധർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.