ജോധ്പൂർ സംഘർഷം: രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; കടയും വാഹനങ്ങളും കത്തിച്ച് പ്രതിഷേധക്കാർ
text_fieldsജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് പരിക്ക്. കലാപക്കാർ ഒരു കടയ്ക്ക് തീയിടുകയും രണ്ട് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്തിരുന്നു. ഈദ്ഗാഹിൽ ഗേറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു കലാപം തുടങ്ങുന്നത്. സൂർ സാഗർ പ്രദേശത്തെ രാജാറാം സർക്കിളിന് സമീപമുള്ള ഈദ്ഗാഹിൻ്റെ പിൻവശത്ത് ഗേറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. എന്നാൽ പ്രദേശവാസികൾ ഗേറ്റ് നിർമിക്കുന്നത് എതിർത്തതോടെ ഇരു സംഘവും തമ്മിൽ തർക്കം രൂക്ഷമായി. ഇതോടെയാണ് കല്ലേറും മറ്റ് അതിക്രമങ്ങളും നടക്കുന്നത്.
സംഘർഷം നിയന്ത്രണ വിധേയമായെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ സ്ഥിതിഗതികൾ വീണ്ടും മോശമാകുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ സംഘം കല്ലെറിയുകയും ഇവരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ കടയ്ക്കും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രാക്ടറിനും അക്രമികൾ തീ കൊളുത്തുകയുമായിരുന്നു.
കണ്ണീർവാതകം ഉൾപ്പെടെ ഉപയോഗിച്ചാണ് പൊലീസ് സംഘത്തെ പിരിച്ചുവിട്ടത്.
അതേസമയം ഇരുവിഭാഗങ്ങളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിൽ നിന്നുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് കമീഷണർ രാജേന്ദ്ര സിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.