ജോർജ് സോറോസിൽ ചർച്ച വേണമെന്ന് ജോൺ ബ്രിട്ടാസ്; സി.പി.എമ്മിനെ തള്ളി സി.പി.ഐയുടെ സന്തോഷ് കുമാർ
text_fieldsന്യൂഡൽഹി: ഇൻഡ്യ സഖ്യ എം.പിമാരെ, വിശേഷിച്ചും കോൺഗ്രസ് എം.പിമാരെ അമ്പരപ്പിച്ച നീക്കത്തിൽ ജോർജ് സോറോസും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധത്തിൽ ചർച്ച വേണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് രാജ്യസഭയിൽ സി.പി.എം രംഗത്തുവന്നു. എന്നാൽ, തൊട്ടുപിന്നാലെ സംസാരിച്ച സി.പി.ഐ അദാനിയെ രക്ഷിക്കാനാണ് സോറോസ് വിവാദമെന്ന് പറഞ്ഞ് സി.പി.എം നിലപാടിനെ തള്ളി.
ജോർജ് സോറോസിൽ ചർച്ച വേണമെന്ന ആവശ്യം ചെയർമാൻ ജഗ്ദീപ് ധൻഖർ തള്ളിക്കളഞ്ഞ ശേഷവും സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി നിരവധി ബി.ജെ.പി എം.പിമാരെ സോറോസ് - ഗാന്ധി ബന്ധം ആരോപിക്കാൻ അനുവദിച്ചത് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇൻഡ്യ എം.പിമാർ ചോദ്യം ചെയ്തു. ഇതിനിടയിലാണ് ജോർജ് സോറോസ് വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടത്. ജോർജ് സോറോസും അദാനിയും ഒരുമിച്ച് ചർച്ചക്കെടുക്കണമെന്നായിരുന്നു ബ്രിട്ടാസിന്റെ ആവശ്യം.
എന്നാൽ, ബ്രിട്ടാസിന് തൊട്ടുപിന്നാലെ എഴുന്നേറ്റ കേരളത്തിൽ നിന്നുള്ള സി.പി.ഐ നേതാവ് സന്തോഷ് കുമാർ സി.പി.എം എം.പി ജോൺ ബ്രിട്ടാസിന്റെ നിലപാടിനെ തള്ളി. സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് കൂടിയായ സന്തോഷ് കുമാർ അദാനിയെ രക്ഷിക്കാനാണ് ജോർജ് സോറോസ് വിവാദമുന്നയിക്കുന്നതെന്ന് പറഞ്ഞു. അദാനിയെ രക്ഷിക്കാനുള്ള കണക്കു കൂട്ടിയുള്ള നീക്കമാണിതെന്ന് സന്തോഷ് കുമാർ തുടർന്നു. അദാനി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണിതെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
സോറോസ് ആരോപണം ഭരണപക്ഷം സഭയിൽ വന്നുന്നയിക്കുന്നത് നടപടിയെടുക്കാത്ത സർക്കാറിന്റെ പരാജയമാണ് കാണിക്കുന്നതെന്ന് മുതിർന്ന സി.പി.എം എം.പി വികാസ് ഭട്ടചാര്യ പറഞ്ഞു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി സഭയിൽ വന്ന് വിഷയത്തിൽ ചർച്ച നടത്താത്തതെന്നും ഭട്ടാചാര്യ ചോദിച്ചു.
ഇൻഡ്യ സഖ്യത്തിലെ സമാജ്‍വാദി പാർട്ടിയും ആർ.ജെ.ഡിയും ശിവസേനാ ഉദ്ധവ് വിഭാഗവും സി.പി.ഐ നിലപാടാണ് കൈകൊണ്ടത്.
അദാനിയുടെ ദലാലുമാരായി ബി.ജെ.പി പാർലമെന്റ് സ്‍തംഭിപ്പിക്കുകയാണെന്ന് ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. ബി.ജെ.പി വ്യാജ ആരോപണമാണുന്നയിക്കുന്നതെന്നും അതവരുടെ പതിവാണെന്നും സമാജ്‍വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.