ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഇന്ത്യയിലെത്തില്ല; അനുമതിക്കായുള്ള അപേക്ഷ പിൻവലിച്ചു
text_fieldsന്യൂഡൽഹി: തങ്ങളുടെ ഒറ്റ ഡോസ് കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അനുമതിക്കായുള്ള അപേക്ഷ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ പിൻവലിച്ചു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനുമതിക്കുള്ള അപേക്ഷ പിൻവലിക്കാനുള്ള കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഏപ്രിലിലാണ് തങ്ങളുടെ ജാൻസെൻ കോവിഡ് വാക്സിന്‍റെ പരീക്ഷണത്തിന് അനുമതി തേടി ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യൻ അധികൃതരെ സമീപിച്ചത്. ജൂലൈയോടെ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഇന്ത്യയിലെത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
കമ്പനിയുടെ വാക്സിന് യു.എസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, ആഴ്ചകൾക്ക് ശേഷം, കുത്തിവെപ്പെടുത്ത ഏതാനും പേരിൽ രക്തം കട്ടപിടിക്കുന്നതായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസം, യൂറോപ്യൻ യൂണിയൻ അധികൃതർ നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവ അസുഖത്തെ ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്‍റെ പാർശ്വഫലങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് 66 മുതൽ 76 ശതമാനം വരെയാണ് ഫലപ്രാപ്തിയുള്ളത്. അതേസമയം, ആശുപത്രി വാസം 100 ശതമാനം ഒഴിവാക്കാൻ വാക്സിൻ സഹായിക്കും.
ഡെൽറ്റ വൈറസിനെതിരെ തങ്ങളുടെ വാക്സിൻ ഫലപ്രദമാണെന്ന് ജോൺസൺ ആൻഡ് ജോൺസൺ അവകാശപ്പെട്ടിരുന്നു.
നിലവിൽ കോവിഷീൽഡ്, കൊവാക്സിൻ, സ്പുട്നിക് വി, മൊഡേണ എന്നീ നാല് വാക്സിനുകൾക്കാണ് ഇന്ത്യയിൽ അനുമതിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.