‘കോൺഗ്രസുകാരേ ഉടൻ ബി.ജെ.പിയിൽ ചേർന്നോളൂ, അല്ലെങ്കിൽ മാമായുടെ ബുൾഡോസർ റെഡിയാണ്’ -ബി.ജെ.പി മന്ത്രിയുടെ ഭീഷണിപ്രസംഗം വിവാദത്തിൽ
text_fieldsഭോപ്പാൽ: സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരോട് ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേരാൻ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മന്ത്രി. ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ മാമായുടെ (മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ) ബുൾഡോസറുകൾ നിങ്ങളുടെ വീട് പൊളിക്കാൻ തയാറായിരിക്കുകയാണെന്നാണ് മന്ത്രിയുടെ ഭീഷണി.
ബുധനാഴ്ച റുത്തിയായി ടൗണിൽ നടന്ന പൊതുയോഗത്തിൽ പഞ്ചായത്ത് വകുപ്പ് മന്ത്രി മഹേന്ദ്ര സിങ് സിസോദിയയാണ് ജനാധിപത്യത്തിന് പുല്ലുവില പോലും കൽപ്പിക്കാത്ത തരത്തിൽ വിവാദ പ്രസതാവന നടത്തിയത്. ഭീഷണി പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
"കോൺഗ്രസുകാർ ശ്രദ്ധിക്കുക: നിങ്ങൾ ബി.ജെ.പിയിൽ ചേരണം. മെല്ലെ ഈ വശത്തേക്ക് (ഭരണകക്ഷി) നീങ്ങൂ. മധ്യപ്രദേശിൽ 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി സർക്കാർ രൂപീകരിക്കും. (ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ) മാമായുടെ ബുൾഡോസർ തയ്യാറാണ്" -എന്നായിരുന്നു സിസോദിയയുടെ വിവാദ പ്രസംഗം. ഇന്ന് നടക്കുന്ന രാഘോഗഢ് നഗർ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലായിരുന്നു ഈ ഭീഷണി.
ബി.ജെ.പി ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളിലേതുപോലെ മധ്യപ്രദേശിലും വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത് വാർത്തയായിരുന്നു. കുറ്റവാളികളെന്ന് കോടതി കണ്ടെത്തുന്നതിന് മുമ്പ് തന്നെ പൊലീസിനെ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും തകർക്കുകയാണ് ചെയ്യുന്നത്. തന്റെ സർക്കാർ കുറ്റവാളികളോട് ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇതിനെ ന്യായീകരിച്ചിരുന്നു.
അതേസമയം, മന്ത്രിയുടെ പരാമർശം ബിജെപിയുടെ തനിസ്വരൂപം വ്യക്തമാക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. മന്ത്രി വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും തെരഞ്ഞെടുപ്പിൽ രാഘോഗറിലെ ജനങ്ങൾ അദ്ദേഹത്തിന് ഉചിതമായ മറുപടി നൽകുമെന്നും ഗുണ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ഹരിശങ്കർ വിജയവർഗിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.