‘അപമാനിക്കപ്പെട്ടെങ്കിൽ ഞങ്ങൾക്കൊപ്പം ചേരാം...’; നിതിൻ ഗഡ്കരിയെ പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിച്ച് വീണ്ടും ഉദ്ധവ്
text_fieldsമഹാരാഷ്ട്ര: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഒരിക്കൽകൂടി പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിച്ച് ശിവസേന തലവൻ ഉദ്ധവ് താക്കറെ. അപമാനിക്കപ്പെട്ടെങ്കിൽ ഞങ്ങൾക്കൊപ്പം ചേരാമെന്നും മാഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യം താങ്കളുടെ വിജയം ഉറപ്പാക്കുമെന്നും ഗഡ്കരിയോട് ഉദ്ധവ് പറഞ്ഞു. രണ്ടാം തവണയാണ് ഗഡ്കരിയോട് ഉദ്ധവ് ബി.ജെ.പി വിടാൻ ആവശ്യപ്പെടുന്നത്.
‘രണ്ട് ദിവസം മുമ്പ് ഞാൻ ഇത് ഗഡ്കരിയോട് പറഞ്ഞിരുന്നു, ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. നിങ്ങൾ അപമാനിക്കപ്പെട്ടെങ്കിൽ, ബി.ജെ.പി വിട്ട് മഹാ വികാസ് അഘാഡിക്കൊപ്പം (സേന (യു.ബി.ടി), എൻ.സി.പി (എസ്.പി), കോൺഗ്രസ് എന്നിവയുടെ സഖ്യം) ചേരുക. നിങ്ങളുടെ വിജയം ഞങ്ങൾ ഉറപ്പാക്കും. ഞങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ നിങ്ങളെ മന്ത്രിയാക്കും, അത് അധികാരമുള്ള ഒരു പദവിയാകും’ -ഉദ്ധവ് താക്കറെ പറഞ്ഞു.
കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ പുസാദിൽ പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ അഴിമതി ആരോപണം നേരിട്ട മുൻ കോൺഗ്രസ് നേതാവ് ക്രിപാശങ്കർ സിങ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന ആദ്യഘട്ട ബി.ജെ.പി സ്ഥാനാർഥ പട്ടികയിലുണ്ട്. എന്നിട്ടും നിതിൻ ഗഡ്കരിയുടെ പേരില്ലെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.
തെരുവിൽ കഴിയുന്ന ആൾ താങ്കളെ അമേരിക്കൻ പ്രസിഡന്‍റാക്കാം എന്നു പറയുന്നത് പോലെയാണ് ഉദ്ധവ് താക്കറെയുടെ വാഗ്ദാനമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പരിഹസിച്ചിരുന്നു.
ബി.ജെ.പിയുടെ പ്രമുഖ നേതാക്കളിലൊരാളാണ് നിതിൻ ഗഡ്കരി. മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ചകൾ പൂർത്തിയായതിനുശേഷമേ സംസ്ഥാനത്തുനിന്നുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.