അന്തർസംസ്ഥാന നദീസംയോജനം യുദ്ധകാലാടിസ്ഥാനത്തിൽ വേണം -ഡി.എം.കെ
text_fieldsചെന്നൈ: രാജ്യമെങ്ങും കർഷക പ്രക്ഷോഭം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ അന്തർസംസ്ഥാന നദീ സംയോജന പദ്ധതി മുന്തിയ പരിഗണന നൽകി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് ദ്രാവിഡ മുന്നേറ്റ കഴകം വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ. സുപ്രീംകോടതി ഉത്തരവ് പ്രകാരം നടപടികൾ ഉൗർജിതപ്പെടുത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം കാർഷികവൃത്തി അടിസ്ഥാനമാക്കിയാണ് ജീവിക്കുന്നത്. കാർഷിക പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ നദീസംയോജന പദ്ധതി അടിയന്തരമായി നടപ്പാക്കണം. തമിഴ്നാട്ടിലേക്കുള്ള ജലമൊഴുക്ക് തടസ്സപ്പെടുത്തുകയും അന്തർസംസ്ഥാന നദീജല കരാറുകൾ ലംഘിച്ച് ചെറു അണകൾ നിർമിക്കാനും അയൽ സംസ്ഥാനങ്ങൾ ശ്രമിക്കുന്നു. നിയമാനുസൃതം ലഭിക്കേണ്ട ജലം അയൽസംസ്ഥാനങ്ങൾ വിട്ടുനൽകാത്തതും കാലവർഷത്തിെൻറ കുറവും കൊടും വരൾച്ചയുംമൂലം തമിഴ്നാട്ടിലെ കർഷകരുടെ ദൈനംദിന ജീവിതം താളം തെറ്റിയിരിക്കുന്നു.
നൂറുകണക്കിന് കർഷകർ ആത്മഹത്യചെയ്തു. കുഴഞ്ഞുമറിഞ്ഞ അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽപെട്ട് തമിഴ്നാട് ഉത്കണ്ഠജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നദീസംയോജന പദ്ധതി നടപ്പാക്കാൻ കേന്ദ്ര ജലവകുപ്പിന് കീഴിൽ പ്രത്യേക കർമസേനയെ നിയോഗിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.