ചന്ദ്രയാനെ ട്രോളി പ്രകാശ് രാജ്; ചിത്രം കേരള ചായക്കടക്കാരേൻറതെന്ന് നടൻ
text_fieldsമുംബൈ: ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ 3 ദൗത്യത്തെ ട്രോളിയ നടൻ പ്രകാശ് രാജിന്റെ ട്വീറ്റ് വിവാദവും വൈറലുമായി. ചന്ദ്രയാനിൽനിന്നുള്ള ആദ്യകാഴ്ച എന്ന കാപ്ഷനിൽ എക്സിൽ (പഴയ ട്വിറ്റർ) പോസ്റ്റ് ചെയ്ത, ഷർട്ടും ലുങ്കിയും ധരിച്ച ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് വിവാദമായത്. ആരുടെയും പേര് പറയാതെയാണ് പ്രകാശ് രാജിന്റെ പരാമർശമെങ്കിലും ചിത്രത്തിലുള്ളത് ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവനാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. ഐ.എസ്.ആർ.ഒയുടെ വിജയം ഇന്ത്യയുടെ വിജയമാണെന്നും ഈ നാണംകെട്ട ട്വീറ്റിനെ അപലപിക്കുകയാണെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു.
അതേസമയം, ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അമേരിക്കൻ ബഹിരാകാശ സഞ്ചാരി നീൽ ആംസ്ട്രോങ്ങിന്റെ കാലഘട്ടത്തിലെ തമാശയെ പരാമർശിച്ചായിരുന്നു മുൻ ട്വീറ്റെന്ന് പ്രകാശ് രാജ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ‘വെറുപ്പ് പ്രചരിപ്പിക്കുന്നവർ വെറുപ്പ് മാത്രമേ കാണൂ. കേരളത്തിൽനിന്നുള്ള ചായക്കടക്കാരനെയാണ് ഉദ്ദേശിച്ചത്. ഏത് ചായക്കടക്കാരനെയാണ് ട്രോളന്മാർ കണ്ടതെന്നും പ്രകാശ് രാജ് ചോദിച്ചു. ബി.ജെ.പിയെ നിരന്തരം വിമർശിക്കുന്ന നടൻ, ഐ.എസ്.ആർ.ഒയെ വെറുതെ വിടണമെന്നും രാഷ്ട്രീയവിദ്വേഷം അകറ്റണമെന്നും വിമർശകർ പറഞ്ഞു. ലോകം ഒരു നാഴികക്കല്ലായി കരുതുന്ന നേട്ടത്തെ നടൻ കളിയാക്കുകയാണെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ വിമർശനമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.