തമാശ പറഞ്ഞതിന് പ്രതിരോധം ആവശ്യമില്ല, കോടതിയലക്ഷ്യത്തിന് മാപ്പുപറയാനില്ലെന്ന് കുനാൽ കംറ
text_fieldsന്യൂഡൽഹി: സദസ്സിൽ ആസ്വദിക്കുന്നവരെ മാത്രം ഉദ്ദേശിച്ചുള്ള തമാശയേ താൻ പറഞ്ഞുള്ളൂവെന്നും അതിെൻറ പേരിൽ കോടതിയോട് മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്റ്റാൻഡ്അപ് കൊമേഡിയൻ കുനാൽ കംറ. റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിനെ കുറിച്ച് ട്വിറ്ററിൽ നടത്തിയ രൂക്ഷ പ്രതികരണത്തിന് ലഭിച്ച കോടതിയലക്ഷ്യ നോട്ടീസിന് മറുപടിയിലാണ് കുനാൽ കംറ വീണ്ടും നിലപാട് കടുപ്പിച്ചത്.
''തമാശ പറയുന്നതിന് പ്രതിരോധം ആവശ്യമില്ല. ഈ തമാശകൾ ഒട്ടും യഥാർഥമല്ല. അങ്ങനെയാണെന്ന് അവകാശവാദവുമില്ല. പലയാളുകളും തങ്ങളെ ചിരിപ്പിക്കാത്ത തമാശകൾ കേൾക്കാൻ നിൽക്കാറില്ല. രാഷ്ട്രീയ നേതാക്കൾ വിമർശകരെ അവഗണിക്കുംപോലെ അവർ ഇവയെയും അവഗണിക്കും''- സുപ്രീം കോടതി കഴിഞ്ഞ ഡിസംബറിൽ നൽകിയ കോടതിയലക്ഷ്യ നോട്ടീസിന് മറുപടിയായി നൽകിയ സത്യവാങ്മൂലം പറയുന്നു.
അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഡിസംബർ 18നാണ് കംറക്ക് നോട്ടീസ് നൽകിയത്. നിരവധി പേർ നൽകിയ പരാതികളിലായിരുന്നു കോടതി നോട്ടീസ്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിച്ച പരമോന്നത കോടതി കംറയുടെ സത്യവാങ്മൂലത്തിന് പരാതിക്കാരുടെ മറുപടി അറിയാൻ രണ്ടാഴ്ചത്തേക്ക് വാദംകേൾക്കൽ നീട്ടി. അറ്റോണി ജനറൽ കെ.കെ വേണുഗോപാലിെൻറ അനുമതിയോടെ അഭിഭാഷകരടക്കം എട്ടുപേരാണ് പരാതിക്കാർ.
''ജുഡീഷ്യൽ ഓഫീസുകൾ ഉൾപെടെ ഭരണഘടനാ ഓഫീസുകൾ തമാശയിൽനിന്ന് സംരക്ഷണം അറിയാത്തവയാണെന്ന് താൻ വിശ്വസിക്കുന്നു. പ്രബലരായ വ്യക്തികളും സ്ഥാപനങ്ങളും വിമർശനവും ആക്ഷേപവും സഹിഷ്ണുതയോടെ സ്വീകരിക്കാൻ കരുത്ത് കാണിച്ചില്ലെങ്കിൽ തടവിലാക്കിയ കുറെ കലാകാരൻമാരുടെയും മടിയിൽ ലാളിച്ചുവളർത്തുന്ന നായ്ക്കളുടെയും നാടായി നാം ചുരുങ്ങും''. മധ്യപ്രദേശ് കോടതി ആഴ്ചകളായി തടവിലിട്ട് ഇനിയും ജാമ്യം ലഭിക്കാത്ത കലാകാരൻ മുനവർ ഫാറൂഖിയുടെ സംഭവം ''രാജ്യത്ത് അസഹിഷ്ണുതയുടെ വളരുന്ന സംസ്കാരത്തിെൻറ' തെളിവാണെന്നും സത്യവാങ്മൂലം പറയുന്നു.
ഇതിെൻറ പേരിൽ ലക്ഷ്മണ രേഖ കടന്നുവെന്ന് പറഞ്ഞ് തെൻറ ഇൻറർനെറ്റ് സേവനം കോടതി എക്കാലത്തേക്കും അവസാനിപ്പിച്ചാൽ 'കശ്മീരി ചങ്ങാതിമാരെ' പോലെ താനും എല്ലാ ആഗസ്റ്റ് 15നും 'ഹാപ്പി ഇൻഡിപെൻഡൻസ് ഡേ'' സന്ദേശം അയക്കുന്ന ആളായി മാറാൻ സന്തോഷമേയുള്ളൂ'വെന്നും കംറ പറയുന്നു.
''പല വിഷയങ്ങളിലും പല കോടതികളുടെയും തീരുമാനങ്ങളിൽ വിയോജിപ്പുണ്ട്''. പക്ഷേ, തീരുമാനം എന്തായാലും അവയെ പുഞ്ചിരിയോടെ താൻ സ്വീകരിക്കും''.
''ഈ വിഷയത്തിൽ സുപ്രീം കോടതി ബെഞ്ചിനെ താൻ മോശമായി കാണില്ല. കാരണം അത് കോടതിയലക്ഷ്യമായി മാറും. പീഡിതർക്ക് ആശ്വാസമാകുകയും സുഖിച്ചിരിക്കുന്നവർക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുകയെന്ന കോമഡിയുടെ തത്ത്വമാണ് താൻ പാലിച്ചതെന്നും' സത്യവാങ്മൂലം വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും കരുത്തുറ്റ കോടതിയുടെ അടിത്തറ ഇളക്കാൻ മാത്രം തെൻറ ട്വീറ്റുകൾക്ക് ശേഷിയില്ലെന്നും കംറ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.