മതവിശ്വാസ പ്രകാരമുള്ള ഭക്ഷണം വേണമെന്ന സത്യേന്ദർ ജെയിനിന്റെ അപേക്ഷ കോടതി തള്ളി
text_fieldsന്യൂഡൽഹി: മതവിശ്വാസമനുസരിച്ചുള്ള ഭക്ഷണം നൽകാൻ തിഹാർ ജയിൽ അധികൃതരോട് നിർദേശിക്കണമെന്ന ആംആദ്മി മന്ത്രി സത്യേന്ദർ ജെയിനിന്റെ അപേക്ഷ ഡൽഹി കോടതി തള്ളി. പ്രത്യേക ജഡ്ജി വികാസ് ദല്ലാണ് അപേക്ഷ തള്ളിയത്. ജെയിനിന് ഉടൻ വൈദ്യ പരിശോധന ലഭ്യമാക്കണമെന്നും ജയിലിൽ അദ്ദേഹത്തിന് അടിസ്ഥാന ഭക്ഷണമോ ചികിത്സയോ ലഭിക്കുന്നില്ലെന്നും അപേക്ഷിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ജെയിൻ അറസ്റ്റിലായ മെയ് 31 മുതൽ അദ്ദേഹത്തിന് വിശ്വാസ പ്രകാരമുള്ള ജൈനക്ഷേത്രം സന്ദർശനം നടത്താനാകുന്നില്ല. കർശന ജൈനമത വിശ്വാസിയായതിനാൽ അദ്ദേഹത്തിന് മതപരമായ വ്രതങ്ങളുണ്ട്. വേവിച്ച ഭക്ഷണങ്ങൾ, പയർ വർഗങ്ങൾ, ധാന്യങ്ങൾ, പാലുത്പന്നങ്ങൾ എന്നിവ കഴിക്കില്ല. അദ്ദേഹം കർശനമായി ജൈനമതം പിന്തുടരുന്നയാളാണെന്നും ഇവയൊന്നും ജയിലിൽ പാലിക്കാനാകുന്നില്ലെന്നും അപേക്ഷയിൽ പറയുന്നു.
എന്നാൽ ജയിൽ അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു. ജയിലിൽ ജാതി-മത-വർഗ വ്യത്യാസമില്ലാതെ എല്ലാവർക്കും പോഷകസമൃദ്ധവും സന്തുലിതവുമായ ഭക്ഷണമാണ് നൽകുന്നത്. ഓരോരുത്തർക്കും പ്രത്യേക പരിചരണം നൽകാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
2017ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജെയിൻ അറസ്റ്റിലായത്. കേസിൽ ജെയിനിനും മറ്റു രണ്ടുപേർക്കും കോടതി നവംബർ 17 ന് ജാമ്യം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.