ജോഷിമഠ്: മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചെന്ന് പരിസ്ഥിതി പ്രവർത്തകർ
text_fieldsഗോപേശ്വർ: വിദഗ്ധർ നിരവധി തവണ നൽകിയ മുന്നറിയിപ്പുകൾ സർക്കാറുകൾ അവഗണിച്ചതാണ് ജോഷിമഠിലും സമീപ പ്രദേശങ്ങളിലും ഭൂമി തകർച്ചമൂലമുണ്ടായ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് പരിസ്ഥിതി പ്രവർത്തകർ. ഈ റിപ്പോർട്ടുകളെ സർക്കാർ സംവിധാനങ്ങൾ ഗൗരവമായി പരിഗണിച്ചിരുന്നെങ്കിൽ പ്രശ്നം ഇത്ര ഗുരുതരമാകില്ലായിരുന്നെന്ന് പരിസ്ഥിതി പ്രവർത്തകനായ ചണ്ഡി പ്രസാദ് ഭട്ട് ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ ഗുരുതര സാഹചര്യത്തിലും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ മറ്റൊരു ശാസ്ത്രീയ പഠനത്തിന് സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭട്ട് പറഞ്ഞു. ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും ഹിമാലയത്തിന്റെ വിശദമായ മാപ്പിങ് അടക്കം ജോഷിമഠിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് രണ്ടു പതിറ്റാണ്ടു മുമ്പ് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
നാഷനൽ റിമോട്ട് സെൻസിങ് ഏജൻസി (എൻ.ആർ.എസ്.എ) ഉൾപ്പെടെ രാജ്യത്തെ പന്ത്രണ്ടോളം പ്രമുഖ ശാസ്ത്ര സംഘടനകൾ റിമോട്ട് സെൻസിങ് ആൻഡ് ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് 2001ൽതന്നെ സംസ്ഥാന സർക്കാറിന് സമർപ്പിച്ചിരുന്നു.
ജോഷിമഠ് അടക്കം ചാർ ധാം, മാനസരോവർ യാത്രാറൂട്ടുകൾ അടങ്ങുന്ന പ്രദേശത്തിന്റെ മാപ്പിങ് ഡറാഡൂൺ, തെഹ്രി, ഉത്തരകാശി, പൗരി, രുദ്രപ്രയാഗ്, പിത്തോരാഗഡ്, നൈനിറ്റാൾ, ചമോലി എന്നീ ജില്ല ഭരണകൂടങ്ങൾക്ക് സമർപ്പിച്ചിരുന്നു. ഈ മാപ്പിങ് റിപ്പോർട്ടിൽ ജോഷിമഠിന്റെ 124.54 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മണ്ണിടിച്ചിലിനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിരുന്നെന്നും ഭട്ട് പറഞ്ഞു.
ജോഷിമഠിലെ പ്രതിസന്ധി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വീട് വിടാൻ മിക്കവർക്കും മടി
ഡറാഡൂൺ: അപകടം തൂങ്ങിനിൽക്കുന്ന ജോഷിമഠിൽ വീട് വിട്ടുപോകാൻ മിക്കവർക്കും മടി. വീടുകൾ അപകടകരമായ അവസ്ഥയിലായിട്ടും പലരും സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറാൻ വിസമ്മതിക്കുന്ന കാഴ്ചയാണ് ജോഷിമഠിൽ. തിങ്കളാഴ്ച 68 വീടുകളിൽകൂടി വിള്ളലുണ്ടായി. ഇതോടെ വിള്ളലും തകർച്ചയും ബാധിച്ച വീടുകളുടെ എണ്ണം 678 ആയി. 27 കുടുംബങ്ങളെ കൂടി തിങ്കളാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇതോടെ മാറ്റപ്പെട്ട കുടുംബങ്ങളുടെ എണ്ണം 82 ആയി.
അപകടാവസ്ഥയിലായ 200ഓളം വീടുകൾക്കുചുറ്റും ജില്ല ഭരണകൂടം ചുവപ്പ് അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വീടുകളിലുള്ളവരോടൊക്കെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ വാടക വീടുകളിലേക്കോ മാറാൻ ജില്ല ഭരണകൂടം ആവശ്യപ്പെട്ടു. ഇങ്ങനെ മാറുന്നവർക്ക് അടുത്ത ആറുമാസത്തേക്ക് 4000 രൂപ വീതം സംസ്ഥാന സർക്കാർ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.