ജോഷിമഠ്: എൻ.ടി.പി.സിക്കെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും
text_fieldsഡറാഡൂൺ: ജോഷിമഠിലെ ഭൂമിതാഴ്ചക്കിടയാക്കിയത് നാഷനൽ തെർമൽ പവർ കോർപറേഷന്റെ പ്രവർത്തനമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് തദ്ദേശവാസികളും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. എൻ.ടി.പി.സി ഗോ ബാക്ക് എന്ന ബോർഡുകളാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാകമാനം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
എൻ.ടി.പി.സിയുടെ 520 മെഗാവാട്ടിന്റെ തപോവൻ വിഷ്ണുഗഢ് ജലവൈദ്യുതി പദ്ധതിക്കായി 12 കിലോമീറ്റർ തുരങ്കം കുഴിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു. തപോവൻ വിഷ്ണുഗഢ് പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ജോഷിമഠ് ബച്ചാവോ സംഘർഷ് സമിതി സമരം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾ എൻ.ടി.പി.സി നിഷേധിക്കുകയാണ്. പദ്ധതിയുടെ തുരങ്കം ജോഷിമഠിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്തുകൂടിയാണ് പോകുന്നതെന്നും ജോഷിമഠിലെ പ്രശ്നങ്ങൾ പദ്ധതി തുടങ്ങുന്നതിനു മുമ്പുള്ളതാണെന്നുമാണ് അവരുടെ വാദം.
എൻ.ടി.പി.സി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണെന്നും ആരോപണങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിലുണ്ടെന്നും ചമോലി ജില്ല മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന പറഞ്ഞു.വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഖുറാന പറഞ്ഞു. നിരവധി ഭൗമശാസ്ത്രജ്ഞർ പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഹിമാലയൻ റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യത വർധിച്ചതായി പഠനം
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ജോഷിമഠിനും ഋഷികേശിനുമിടയിലുള്ള ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത വർധിച്ചതായി ശാസ്ത്രജ്ഞർ. 247 കിലോമീറ്റർ ദൈർഘ്യമുള്ള പാത പരിശോധിച്ചപ്പോൾ ഒരു കിലോമീറ്ററിന് ശരാശരി 1.25 മണ്ണിടിച്ചിൽ സാന്ദ്രതയാണ് ജർമനിയിലെ പോട്‌സ്‌ഡാം സർവകലാശാലയിലെയും റൂർക്കിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
പാതയോരത്തെ സസ്യങ്ങൾ നശിപ്പിക്കുന്നതും ചരിവുകളുടെ സ്ഥിരതയില്ലായ്മയും മണ്ണിടിച്ചിലിന് കാരണമാകുന്നു. നഗരാസൂത്രണത്തിലും ഭൂവിനിയോഗത്തിലും ശ്രദ്ധ വേണമെന്നും മണ്ണിന്റെയും പാറയുടെയും മാറുന്ന സ്വഭാവമടക്കം പരിഗണിക്കേണ്ടതുണ്ടെന്നും പഞ്ചാബിലെ റോപ്പർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം അസി. പ്രഫസർ റീത് കമൽ തിവാരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.