ജോഷിമഠിലെ വിള്ളലിനെ കുറിച്ചുള്ള ഐ.എസ്.ആർ.ഒ റിപ്പോർട്ട് 'കാൺമാനില്ല'
text_fieldsന്യൂഡൽഹി: ജോഷിമഠിലെ വിള്ളലിനെ കുറിച്ചുള്ള ഐ.എസ്.ആർ.ഒ റിപ്പോർട്ട് കാൺമാനില്ല. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ നേരത്തെ പുറത്ത് വിട്ടത്. ദുരൂഹമായ രീതിയിൽ റിപ്പോർട്ട് പിൻവലിക്കുകയായിരുന്നു. എൻ.ആർ.എസ്.സിയുടെ വെബ്സെറ്റ് ഇതുസംബന്ധിച്ച റിപ്പോർട്ട് ഇപ്പോഴും കാണില്ല.
റിപ്പോർട്ടിലേക്കുള്ള പി.ഡി.എഫ് ലിങ്കും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ജോഷിമഠിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ഇതിന്റെ സാറ്റ്ലെറ്റ് ചിത്രങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു.
12 ദിവസത്തിനുള്ളിൽ 5.4 സെന്റി മീറ്ററാണ്, തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ്, അന്താരാഷ്ട്ര സ്കീയിങ് കേന്ദ്രമായ ഔലി എന്നിവിടങ്ങളിലേക്കുള്ള കവാടമായ ജോഷിമഠ് താഴോട്ടുപോയതെന്നാണ് ഐ.എസ്.ആർ.ഒ വ്യക്തമാക്കുന്നത്. 2022 ഏപ്രിൽ മുതൽ നവംബർ വരെ കാലയളവിൽ 8.9 സെന്റീമീറ്ററാണ് താണതെങ്കിൽ ഡിസംബർ 27 മുതൽ ജനുവരി എട്ടുവരെയുള്ള 12 ദിവസത്തിനുള്ളിൽ 5.4 സെന്റി മീറ്റർ താണതായും ഐ.എസ്.ആർ.ഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ പ്രാഥമിക പഠനറിപ്പോർട്ട് പറഞ്ഞിരുന്നു. കാർട്ടോസാറ്റ്-2s ഉപഗ്രഹത്തിൽനിന്നുള്ള ചിത്രങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ആർമി ഹെലിപാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടുന്ന ജോഷിമഠ് പട്ടണത്തിന്റെ മധ്യഭാഗമാണ് കൂടുതൽ താണത്.
എന്നാൽ, ജോഷിമഠിലെ ഭൂമിതാഴ്ചക്ക് തപോവൻ വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി കാരണമായെന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ 12 കിലോമീറ്റർ നീളമുള്ള തുരങ്കം പോകുന്നത് ജോഷിമഠിൽനിന്ന് ഒരുകിലോമീറ്റർ അകലത്തിലാണ്. ഭൂനിരപ്പിൽനിന്ന് ഒരുകിലോമീറ്റർ താഴ്ചയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നതെന്നും എൻ.ടി.പി.സി അറിയിച്ചു.
ജോഷിമഠിൽ ഭൂമിതാഴ്ചയുണ്ടായ ഉടൻ കേന്ദ്ര ഊർജ മന്ത്രാലയം എൻ.ടി.പി.സി ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. ജോഷിമഠിലെ പ്രശ്നങ്ങൾ ഏറെക്കാലം മുമ്പ് തുടങ്ങിയതാണെന്നും 2006ൽ മാത്രമാണ് വൈദ്യുതി പ്ലാന്റിന്റെ നിർമാണം ആരംഭിച്ചതെന്നുമാണ് എൻ.ടി.പി.സിയുടെ നിലപാട്. 1976ൽ സംസ്ഥാന സർക്കാർ നിയോഗിച്ച എം.സി. മിശ്ര കമ്മിറ്റി മണ്ണൊലിപ്പും ഭൂമിതാഴ്ചയും സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. തുരങ്കം നിർമിച്ചത് ടണൽ ബോറിങ് യന്ത്രത്തിന്റെ സഹായത്തോടെയാണെന്നും പാറകൾക്ക് നിർമാണം മൂലം ഇളക്കം തട്ടിയിട്ടില്ലെന്നും എൻ.ടി.പി.സി അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.