മുസ്ലിം, ദലിത് ആക്രമണത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം; ആകാർ പട്ടേലിൻെറ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ചു
text_fieldsന്യൂഡൽഹി: മുസ്ലിം, ദലിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും ആംനസ്റ്റി ഇന്ത്യ മുൻ തലവനുമായ ആകാർ പട്ടേലിൻെറ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ സസ്പെൻഡ് ചെയ്തു. ആഫ്രോ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ അമേരിക്കൻ പൊലീസ് കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് സമാനമായി ഇന്ത്യക്കാരോട് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് കുറിപ്പ് പോസ്റ്റ് ചെയ്തതിനാണ് നടപടി. ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയതിനൊപ്പം കലാപത്തിന് ആഹ്വാനം ചെയ്യൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി ഇദ്ദേഹത്തിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു.
ഇന്ത്യൻ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയത്. അതേസമയം ഇന്ത്യക്ക് പുറത്ത് ആകാർ പട്ടേലിൻെറ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാനാകും. അധികാരികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അക്കൗണ്ട് റദ്ദാക്കിയതെന്ന് ട്വിറ്റർ വിശദീകരിച്ചു.
അതേസമയം ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെതിരെ ആകാർ പട്ടേൽ രംഗത്തെത്തി. സാമൂഹികമാധ്യമങ്ങൾ സുതാര്യതയുളളവയാകണം. അക്കൗണ്ട് റദ്ദാക്കുന്നതും അതിൻെറ കാരണവും അക്കൗണ്ട് ഉടമയെ അറിയിക്കുകയെങ്കിലും ചെയ്യണം. ഇത്തരത്തിൽ യാതൊരു വിവരവും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു.
ജോർജ് ഫ്ലോയിഡിൻെറ കൊലപാതകത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൻെറ വിഡിയോക്കൊപ്പം രാജ്യത്ത് മുസ്ലിം, ദലിത്, ആദിവാസി, സ്ത്രീകൾ എന്നിവർക്കെതിരെ നടക്കുന്ന അതിക്രമത്തിൽ ഇന്ത്യക്കാരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്.
വർഷങ്ങളായി നിലനിൽക്കുന്ന വിവേചനത്തിനെതിരായ പോരാട്ടങ്ങൾക്കാണ് അമേരിക്ക വേദിയാകുന്നത്. കറുത്തവർഗക്കാരോടുള്ള ക്രൂരതക്കെതിരായി സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. അമേരിക്കക്ക് പിന്നാലെ മറ്റു രാജ്യങ്ങളിലും വിവിധ വിഭാഗങ്ങൾക്കെതിരായ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തി. ഇന്ത്യയിൽ മുസ്ലിം, ദളിത്, ആദിവാസി, സ്ത്രീ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് സാമൂഹമാധ്യമങ്ങളിൽ കാമ്പയിൻ തുടങ്ങികഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.