'ദ കേരള സ്റ്റോറി' നിരോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ ഹരജി
text_fieldsചെന്നൈ: വിദ്വേഷ അജണ്ടയുമായെത്തുന്ന വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ ഹരജി. ചെന്നൈയിലെ മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷനാണ് ഹരജി നൽകിയത്.
കേരളത്തെ തീവ്രവാദത്തെ പിന്തുണക്കുന്ന സംസ്ഥാനമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമയെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സിനിമ പ്രദർശിപ്പിക്കാൻ അനുവാദം നൽകിയാൽ രാജ്യത്തിനാകെ അപമാനമാകുമെന്നും തീവ്രവാദികളെ ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന തോന്നലുണ്ടാക്കുമെന്നും ഹരജിയിൽ പറഞ്ഞു.
ഒരു പ്രത്യേക സമുദായത്തിനെതിരെ ജനത്തെ തിരിക്കുന്നതാണ് സിനിമ. അടിസ്ഥാനമില്ലാത്ത കണക്കുകളും തെറ്റായ സംഭവങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് ടീസറിൽ കാണാനാവും. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, തമിഴ്നാട് ചീഫ് സെക്രട്ടറി എന്നിവക്ക് ഇതുസംബന്ധിച്ച് താൻ പരാതി നൽകിയിട്ടും പരിഗണിച്ചില്ലെന്ന് ഹരജിക്കാരൻ പറയുന്നു.
കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ഹരജികൾ കേരള ഹൈകോടതിക്ക് നേരത്തേ കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്നലെ ഉത്തരവിട്ടിരുന്നു.
പ്രദർശനം പൂർണമായും വിലക്കണമെന്ന് ആവശ്യപ്പെട്ട ജംഇയ്യത്തുൽ ഉലമായെ ഹിന്ദിനോടും, സിനിമ പൂർണമായും കഥയാണെന്നും യാഥാർഥ്യമല്ലെന്നും എഴുതിക്കാണിച്ച് പ്രദർശിപ്പിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ട അഡ്വ. വൃന്ദാ ഗ്രോവറിനോടുമാണ് കേരള ഹൈകോടതിയെ സമീപിക്കാൻ പറഞ്ഞത്. മേയ് അഞ്ചിന് റിലീസ് ചെയ്യുന്നതിനാൽ ഹരജി സുപ്രീംകോടതി വ്യാഴാഴ്ച അടിയന്തരമായി പരിഗണിക്കണമെന്നാണ് അഡ്വ. വൃന്ദാ ഗ്രോവറും ജംഇയ്യത്തിന് വേണ്ടി അഡ്വ. നിസാം പാഷയും ആവശ്യപ്പെട്ടത്. കേരള ഹൈകോടതി അടിയന്തരമായി ഹരജി പരിഗണിക്കുന്നില്ലെന്ന് വൃന്ദാ ഗ്രോവർ ചൂണ്ടിക്കാട്ടിയപ്പോൾ ഹരജിക്കാർക്ക് ഇക്കാര്യം ഹൈകോടതിയോട് ആവശ്യപ്പെടാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകുകയായിരുന്നു.
കേരളത്തിൽ നിന്ന് 32,000 സ്ത്രീകൾ ഐഎസിൽ ചേരാൻ പോയെന്ന വ്യാജ പ്രചാരണവുമായി നിർമിച്ച ‘ദ കേരള സ്റ്റോറി’ സിനിമ വിവാദമായതോടെ 32,000 എന്നത് മൂന്ന് സ്ത്രീകൾ എന്നാക്കി തിരുത്തുകയും ചില പ്രധാന രംഗങ്ങൾക്ക് സെൻസർ ബോർഡ് കത്രിക വെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.