പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.വി. പരശുറാം അന്തരിച്ചു
text_fieldsവാഷിങ്ടണ്‍: പ്രമുഖ പത്രപ്രവര്‍ത്തകനും പി.ടി.ഐയുടെയും ഇന്ത്യന്‍ എക്സ്പ്രസിന്‍െറയും വാഷിങ്ടണ്‍ ലേഖകനുമായിരുന്ന ടി.വി. പരശുറാം (93) അന്തരിച്ചു. തിങ്കളാഴ്ച രാത്രി യു.എസില്‍ മേരിലാന്‍ഡിലെ വസതിയിലായിരുന്നു അന്ത്യം. 50കളില്‍ ഐക്യരാഷ്ട്രസഭയില്‍ പി.ടി.ഐ പ്രതിനിധിയായിരുന്നു. ശേഷം രണ്ടു ദശാബ്ദം ഇന്ത്യന്‍ എക്സ്പ്രസിന്‍െറ വാഷിങ്ടണ്‍ ലേഖകനായി. 58ാം വയസ്സില്‍ വിരമിച്ചശേഷവും 82 വയസ്സുവരെ വീണ്ടും പി.ടി.ഐയുടെ വാഷിങ്ടണ്‍ ലേഖകനായി തുടര്‍ന്നു.
പത്രപ്രവര്‍ത്തനത്തില്‍ ടൈപ്റൈറ്റര്‍ കാലത്തിന്‍െറ പ്രതിനിധിയായ അദ്ദേഹം മിനിറ്റില്‍ 170 വാക്കുകള്‍ ഷോര്‍ട്ട് ഹാന്‍ഡും എഴുതുമായിരുന്നു. യു.എസ് പ്രസിഡന്‍റുമാരുടെ വാര്‍ത്തസമ്മേളനങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.ഹാര്‍വാഡ് നീമെന്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
പി.ടി.ഐയുടെയും നാഷനല്‍ ഹെറാള്‍ഡിന്‍െറയും ലേഖകനായിരുന്ന ടി.വി. വെങ്കിടാചലം പരശുറാമിന്‍െറ സഹോദരനാണ്. മറ്റൊരു സഹോദരന്‍ ടി.വി. സത്യനാരായണന്‍ യു.എന്‍.ഐ പ്രതിനിധിയായിരുന്നു. ശാസ്ത്രജ്ഞനായ മറ്റൊരു സഹോദരനുമുണ്ട്. ‘എ മെഡല്‍ ഫോര്‍ കശ്മീര്‍’, ‘ജ്യൂയിഷ് ഹെരിറ്റേജ് ഇന്‍ ഇന്ത്യ’ എന്നീ കൃതികള്‍ രചിച്ചു. 1947-48 കാലത്ത് ജമ്മു-കശ്മീരില്‍ നടന്ന സൈനിക ഇടപെടലുകളെക്കുറിച്ച വിവരങ്ങളാണ് എ മെഡല്‍ ഫോര്‍ കശ്മീര്‍ എന്ന കൃതി.ഭാര്യ: ആനന്ദലക്ഷ്മി. മക്കള്‍: അശോക് പരശുറാം, അനിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.