സെലിബ്രിറ്റികൾക്ക് വേണ്ടി മാത്രം ശബ്ദമുയർത്തുന്നു; എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ച് പട്രീഷ്യ മുഖിം
text_fieldsഷില്ലോങ്: മുതിർന്ന മാധ്യമപ്രവർത്തകയും പദ്മശ്രീ പുരസ്കാര ജേതാവുമായ പട്രീഷ്യ മുഖിം മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക് പോസ്റ്റിട്ടതിന് തനിക്കെതിരെ ക്രിമിനൽ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും സെലിബ്രിറ്റികൾക്ക് വേണ്ടി മാത്രം ശബ്ദമുയർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. മേഘാലയയിലെ 'ദി ഷില്ലോങ് ടൈംസി'ന്‍റെ എഡിറ്ററാണ് പട്രീഷ്യ മുഖിം.
റിപബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് പ്രസ്താവനയിറക്കാൻ ഉത്സാഹം കാട്ടിയ എഡിറ്റേഴ്സ് ഗിൽഡ് തന്‍റെ കാര്യത്തിൽ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചില്ലെന്ന് പട്രീഷ്യ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.
ഫേസ്ബുക് പോസ്റ്റിന്‍റെ പേരിൽ പട്രീഷ്യക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കില്ലെന്ന് മേഘാലയ ഹൈകോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് താൻ എഡിറ്റേഴ്സ് ഗിൽഡിന്‍റെ ശ്രദ്ധയിൽ പെടുത്തിയിരുന്നെന്ന് പട്രീഷ്യ പറഞ്ഞു. ഒരു പ്രസ്താവനയെങ്കിലും ഇറക്കുമെന്നാണ് കരുതിയത്. പക്ഷേ, അതുണ്ടായില്ല -അവർ പറഞ്ഞു.
അതേസമയം, ഗിൽഡിൽ അംഗമല്ലാത്ത അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് വളരെ ചുറുചുറുക്കോടെ പ്രസ്താവനയിറക്കി. സെലബ്രിറ്റി മാധ്യമപ്രവർത്തകർക്ക് വേണ്ടി മാത്രം ഗിൽഡ് നിലകൊള്ളുന്നതിന് ഉദാഹരണമായാണ് താൻ ഇതിനെ കാണുന്നത് -പട്രീഷ്യ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജൂലൈയിലാണ് പട്രീഷ്യക്കെതിരെ കേസെടുത്തത്. ഗോത്രവിഭാഗക്കാരല്ലാത്ത അഞ്ച് യുവാക്കൾക്ക് നേരെ ഗോത്രവിഭാഗക്കാരെന്ന് ആരോപിക്കുന്നവർ നടത്തിയ മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാറിനെ വിമർശിച്ച് ഇവർ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. തുടർന്നാണ് ക്രിമിനൽ കേസ് ചുമത്തിയത്.
കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കഴിഞ്ഞ ചൊവ്വാഴ്ച കോടതി തള്ളിയിരുന്നു. സംസ്ഥാനത്ത് ഗോത്രവർഗക്കാരും അല്ലാത്തവരും തമ്മിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ, അക്രമങ്ങളിലുള്ള ആശങ്കയറിയിക്കുകയാണ് താൻ ചെയ്തതെന്ന് പട്രീഷ്യ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.