കള്ളപ്പണം വെളുപ്പിക്കൽ കേസ്; യു.പി കോടതിയുടെ സമൻസ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നൽകിയ ഹരജി സുപ്രീം കോടതി തള്ളി
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഗാസിയാബാദ് പ്രത്യേക കോടതിയുടെ സമൻസ് ചോദ്യം ചെയ്ത് മാധ്യമപ്രവർത്തക റാണ അയ്യൂബ് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ മുംബൈയിൽ നടന്ന കുറ്റമായതിനാൽ ഗാസിയാബാദിൽ ഇ.ഡി ആരംഭിച്ച നടപടികൾ അധികാര പരിധി ലംഘിച്ച് എടുത്തതാണെന്നും റദ്ദാക്കണമെന്നുമാണ് റാണ അയ്യൂബ് ഹരജിയിൽ ആവശ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം എവിടെയാണ് നടന്നത് എന്ന ചോദ്യം വിചാരണ വേളയിലാണ് തീർപ്പാക്കേണ്ടതെന്ന് ജസ്റ്റിസുമാരായ വി. രാമസുബ്രമണ്യൻ, ജെ.ബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പൊതുജനങ്ങളെ വഞ്ചിച്ചുവെന്നും വ്യക്തിഗത സ്വത്ത് നേടുന്നതിനായി ചാരിറ്റി വഴി നേടിയ 2.69 കോടി രൂപ ഉപയോഗിച്ചെന്നും വിദേശ സംഭാവന നിയമം ലംഘിച്ചെന്നും ആരോപിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 12നാണ് അയ്യൂബിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് നവംബർ 29ന് ഗാസിയാബാദിലെ പ്രത്യേക കോടതി അയ്യൂബിന് സമൻസ് അയക്കുകയായിരുന്നു.
2020 ഏപ്രിൽ മുതൽ 'കെറ്റോ' പ്ലാറ്റ്‌ഫോമിൽ റാണാ അയ്യൂബ് മൂന്ന് ധനസമാഹരണ ചാരിറ്റി കാമ്പയ്‌നുകൾ ആരംഭിക്കുകയും 2,69,44,680 രൂപ സമാഹരിക്കുകയും ചെയ്‌തെന്ന് ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.