മധ്യപ്രദേശിലും ബിഹാറിലും രണ്ട് മാധ്യമ പ്രവർത്തകരെ വാഹനമിടിപ്പിച്ച് കൊന്നു
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ഭിൻഡിലും ബിഹാറിലെ ആറയിലും വാഹനങ്ങൾ ഇടിപ്പിച്ച് രണ്ട് മാധ്യമപ്രവർത്തകരടക്കം മൂന്നുപേരെ കൊന്നു. മധ്യപ്രദേശ് ഭിൻഡിൽ ദൃശ്യമാധ്യമപ്രവർത്തകൻ സന്ദീപ് ശർമയെ മണ്ണ് മാഫിയ സംഘം ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി. ബിഹാറിലെ ഭോജ്പുർ ജില്ലയിൽ നഹ്സി ഗ്രാമത്തിൽ പ്രാദേശിക രാഷ്ട്രീയനേതാവിെൻറ ആഡംബര കാറിടിച്ച് ബൈക്കിൽ യാത്ര ചെയ്ത ഹിന്ദി ദിനപത്രം ദൈനിക് ഭാസ്കറിലെ പത്രപ്രവർത്തകൻ നവീൻ നിശ്ചലും ജീവനക്കാരൻ വിജയ് സിങ്ങും കൊല്ലപ്പെട്ടു.
നിയമവിരുദ്ധ മണ്ണ് ഖനനത്തിെൻറ ഒളികാമറ ദൃശ്യം പകർത്തിയതിെൻറ പേരിലാണ് സന്ദീപ് ശർമയെ (35) കൊലപ്പെടുത്തിയതെന്ന് അനന്തരവൻ വികാസ് പുരോഹിത് സിറ്റി കൊത്വാരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭിൻഡ്-അതേർ റോഡിൽ കൂടി തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബൈക്കിൽ സഞ്ചരിക്കവെ സന്ദീപ് ശർമക്കുനേരെ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പ്രധാനറോഡിൽനിന്ന് പാതയോരത്തേക്ക് നീങ്ങി സന്ദീപിനെ ഇടിച്ചിട്ടശേഷം ട്രക്ക് അതിവേഗം പാഞ്ഞു.
ജീവന് ഭീഷണിയുണ്ടെന്ന് മധ്യപ്രദേശ് ഡി.ജി.പി, െഎ.ജി, എസ്.പി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് സന്ദീപ് പരാതി നൽകിയിരുന്നു. എന്നാൽ, വേണ്ട സുരക്ഷയൊരുക്കാൻ അധികാരികൾ തയാറായില്ല. ഇതാണ് കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ചതെന്ന് വികാസ് ആരോപിച്ചു. സന്ദീപിനെ ഇടിച്ചിട്ട ട്രക്ക് ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഹെവി വാഹനം ഒാടിക്കാൻ ലൈസൻസില്ലാത്ത രൺവീർ സിങ്ങാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് പ്രശാന്ത് ഖരെ അറിയിച്ചു.
നവീൻ നിശ്ചലിെൻറ ബൈക്കിൽ ഇടിച്ച കാർ മുൻ പഞ്ചായത്ത് മുഖ്യൻ അഹമ്മദ് അലി എന്ന ഹസ്രുവിേൻറതാണ്. ഇയാൾ ഒളിവിലാണ്. അപകടത്തെ തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം വാഹനത്തിന് തീകൊളുത്തി. അഹമ്മദ് അലിയുടെ വീടിനുനേരെയും ആക്രമണമുണ്ടായി. അഹമ്മദ് അലിക്കും മകൻ ദബ്ലുവിനും നവീനിനോട് വിരോധമുണ്ടായിരുന്നെന്നും മരണം കൊലപാതകമാണെന്നും സഹോദരൻ രാജേഷ് നിശ്ചൽ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.
ട്രക്കിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം
#WATCH:Chilling CCTV footage of moment when Journalist Sandeep Sharma was run over by a truck in Bhind. He had been reporting on the sand mafia and had earlier complained to Police about threat to his life. #MadhyaPradesh pic.twitter.com/LZxNuTLyap
— ANI (@ANI) March 26, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.