ആൻഡമാനിലെ മാധ്യമപ്രവർത്തകൻ സുബൈർ അഹ്മദ് നിര്യാതനായി
text_fieldsപോർട്ട് ബ്ലെയർ: ആൻഡമാനിലെ മുൻനിര മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ സുബൈർ അഹ്മദ് (50) നിര്യാതനായി. 'ലൈറ്റ് ഓഫ് ആൻഡമാൻ' പത്രത്തിന്‍റെയും 'സൺഡേ ഐലൻഡർ' വെബ്സൈറ്റിന്റെയും എഡിറ്ററായിരുന്നു. വിമ്പർലിഗഞ്ച് ക്രസന്‍റ് പബ്ലിക് സ്കൂൾ മാനേജറായിരുന്നു. ശാന്തപുരം ഇസ്ലാമിയ കോളജ്, ചെന്നൈ ന്യൂകോളജ്, ഭാരതീയ വിദ്യാഭവൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി.
ബംഗളുരുവിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'മീൻടൈം' മാഗസിനിൽ സഹപത്രാധിപരായി ജോലിയിൽ പ്രവേശിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ ബംഗളുരു എഡിഷനിൽ പ്രവർത്തിച്ച ശേഷം ദ്വീപിലേക്കു മാറി. ആൻഡമാനിലെ സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും പരിഹാരങ്ങൾക്ക് ശ്രമിക്കുകയും ചെയ്തു . സുബൈറിന്‍റെ അന്വേഷണാത്മക റിപ്പോർട്ടുകൾ പലപ്പോഴും ദ്വീപിൽ സജീവചർച്ചയായി. ആൻഡമാനിലെ ഗവേഷകരുടെയും വസ്തുതാന്വേഷകരുടെയും മികച്ച അവലംബമായിരുന്നു. കോവിഡ് കാലത്ത് ദുരിതബാധിതരുടെ വാർത്തകൾ ട്വീറ്റ് ചെയ്തതിന് പൊലീസ് അറസ്റ്റു ചെയ്തു. കേസ് ദുർബലവും ദുരുപദിഷ്ടവുമാണെന്നു കണ്ട് പിന്നീട് കോടതി തള്ളി.
ദീർഘകാലം ആൻഡമാനിലെ ജമാഅത്തെ ഇസ്ലാമി അമീർ ആയിരുന്ന പി.കെ മുഹമ്മദലിയാണ് പിതാവ്. മാതാവ്: സുലൈഖ. ഭാര്യ: സാജിദ. മക്കൾ: റിഹാൻ സുബൈർ, നുസ്ഹ, നസീഹ. സഹോദരങ്ങൾ: സൈനബ്, ഫാറൂഖ് (റീജണൽ മാനേജർ, എസ്.ബി.ഐ), ഖാലിദ്, മൂസ, ശാഹിദ്, സാലിഹ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.