റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും യാത്ര അനുവദിച്ചില്ല; 36,944 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsബംഗളൂരു: റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ റെയിൽവേ 36,944 രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷെൻറ ഉത്തരവ്.
മധ്യപ്രദേശ് സ്വദേശികളായ രാമചന്ദ്ര, ഭാര്യ കൃപ എന്നിവർ നൽകിയ ഹരജിയിലാണ് നടപടി. ട്രെയിന്‍ ടിക്കറ്റ് ചാര്‍ജായ 870 രൂപക്ക് പുറമെ വിമാന ടിക്കറ്റിനത്തിൽ 25,074 രൂപയും കോടതി ചെലവും മറ്റുമുള്‍പ്പെടെ 11,000 രൂപയും നല്‍കാനാണ് കമീഷൻ ഉത്തരവിട്ടത്.
ദക്ഷിണ പശ്ചിമ റെയിൽവേ ബംഗളൂരു ഡിവിഷന് ഓഫിസറും മധ്യപ്രദേശ് ജബല്‍പൂര്‍ സ്റ്റേഷന് സൂപ്രണ്ടും ചേര്‍ന്ന് ആറാഴ്ചക്കകം തുക കൈമാറണം. റെയിൽവേക്ക് വേണ്ടി അഭിഭാഷകന് ഹാജരായപ്പോള്‍ ദമ്പതികള്‍ തനിയെ കേസ് വാദിച്ചു.
ഒരു വര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷം റെയിൽവേ അധികൃതര്‍ക്ക് കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയതായി കണ്ടെത്തിയ കമീഷന് നഷ്ടപരിഹാരത്തിന് ഉത്തരവിടുകയായിരുന്നു.
2019 നവംബറിൽ ജബല്‍പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് സംഘമിത്ര എക്സ്പ്രസിലെ എസ്11 കോച്ചിൽ ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷെ, ട്രെയിന്‍ ജബല്‍പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കമ്പാര്‍ട്ട്മെൻറിൽ നിറയെ യാത്രക്കാരായിരുന്നെന്നും വാതില്‍ തുറക്കാന്‍പോലും അതിനകത്തുണ്ടായിരുന്നവർ തയാറായില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
തൊട്ടടുത്ത കമ്പാര്‍ട്മെൻറിൽ കയറി സീറ്റില്‍ എത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും തള്ളി യാത്രക്കാർ ട്രെയിനിനു പുറത്തിറക്കി. സ്റ്റേഷൻ മാസ്റ്ററെയും റെയിൽവേ സംരക്ഷണ സേനയെയും വിവരം ധരിപ്പിച്ചെങ്കിലും അവർ സഹായത്തിെനത്തിയില്ല.
ബംഗളൂരുവിൽ റെയിൽവേ ബോര്‍ഡ് പരീക്ഷക്ക് പോകുന്നവരാണ് കമ്പാർട്ട്മെൻറിലുള്ളതെന്നും തങ്ങൾ നിസ്സഹായരാണെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരും വിമാനമാര്‍ഗം ബംഗളൂരുവിലെത്തി ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതര്‍ക്ക് പരാതി നല്കി. പരിഹാരമുണ്ടാവാത്തതിനെ തുടർന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.