മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ ഫോൺ നമ്പർ എക്സിലൂടെ പങ്കുവെച്ച് ഹിന്ദുത്വവാദികൾ; അശ്ലീല സന്ദേശവും വധഭീഷണിയും
text_fieldsന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ ഫോൺ നമ്പർ എക്സിലൂടെ പങ്കുവെച്ച് ഹിന്ദുത്വവാദികൾ. ഹിനുത്വ നൈറ്റ് എന്ന അക്കൗണ്ടിലൂടെയാണ് അവരുടെ ഫോൺ നമ്പർ പങ്കുവെക്കപ്പെട്ടത്. തുടർന്ന് റാണ അയ്യൂബിനെതിരെ വധഭീഷണി ഉൾപ്പടെ വരികയായിരുന്നു.
മുംബൈ പൊലീസിനെ ടാഗ് ചെയ്ത് റാണ അയ്യൂബ് തന്നെയാണ് തന്റെ ഫോൺ നമ്പർ പങ്കുവെക്കപ്പെട്ട വിവരം എക്സിലൂടെ അറിയിച്ചത്. ഫോൺ നമ്പർ പുറത്തായതിന് പിന്നാലെ തനിക്ക് വധഭീഷണിയും ബലാത്സംഗ ഭീഷണിയും ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തനിക്ക് ഒരു ദുസ്വപ്നം പോലെയാണ് കടന്നു പോയത്. രാത്രി ഒരു മണിയോടെ ഹിന്ദുത്വ ശക്തികൾ തന്റെ ഫോൺ നമ്പർ എക്സിലൂടെ പങ്കുവെച്ചു. അതിന് ശേഷം തന്റെ ഫോൺ നിർത്താതെ അടിക്കുകയായിരുന്നു. വാട്സാപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ ലഭിച്ചുവെന്ന് റാണ അയ്യൂബ് പറഞ്ഞു.
റാണ അയ്യൂബിന്റെ വാട്സാപ്പ് നമ്പർ പങ്കുവെച്ച എക്സിലെ ഗ്രൂപ്പ് ഇതിന് മുമ്പും വിവാദങ്ങളിൽ നിറഞ്ഞിട്ടുണ്ട്. മുസ്‍ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ പരസ്യമായി ആക്രമണത്തിന് ആഹ്വാനം നൽകുന്ന സന്ദേശങ്ങൾ ഗ്രൂപ്പിൽ വന്നിരുന്നു. ബിഹാറിൽ നിന്നുള്ളയാളാണ് ഗ്രൂപ്പിന് പിന്നിലുള്ളതെന്നാണ് സംശയം.
അതേസമയം, ഭീഷണികൾ വന്ന സംഭവത്തിൽ താൻ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ ശക്തമായ നടപടിയെടുക്കുന്നതിൽ മുംബൈ പൊലീസ് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും റാണ അയ്യൂബ് ആരോപിച്ചു. റാണ അയ്യൂബിന് നേരിട്ട ദുരനുഭവത്തിൽ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.