ഗുർമീത് സിങ്ങിന്‍റെ വിധി വരുന്ന ദിവസം അൻഷുൽ ആശങ്കപ്പെടുന്നതെന്തിന്?
text_fieldsചണ്ഡിഗഡ്: ദേരാ സച്ചാ സൗദാ നേതാവ് ഗുർമീത് സിങ്ങിനെതിരെയുള്ള കേസ് ഇന്ന് വിധി പറയാനിരിക്കെ, ഈ കേസ് റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ വധിക്കപ്പെട്ട റാം ചന്ദർ ഛത്രപതിയുടെ മകനും കാത്തിരിക്കുകയാണ്, തന്‍റെ പിതാവിന് നീതി ലഭിക്കാൻ. 2002ൽ ആശ്രമത്തിലെ അന്തേവാസികളായ സാധ്വിമാർ ആത്മീയ നേതാവിനാൽ പീഡിപ്പിക്കപ്പെടുന്ന വാർത്ത പുറംലോകമറിഞ്ഞത് റാം ചന്ദർ ഛത്രപതിയിലൂടെയായിരുന്നു.
2002 ഒക്ടോബറിലാണ് വെടിവെപ്പിൽ ഛത്രപതി വധിക്കപ്പെട്ടത്. 15 വർഷത്തിന് ഇപ്പുറവും ഛത്രപതിയുടെ മകൻ അൻഷുൽ എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് കേസുമായി മുന്നോട്ടുപോകുകയാണ്. ഛത്രപതി വധക്കേസ് ഇപ്പോൾ സി.ബി.ഐ കോടതിയിൽ അന്ത്യഘട്ടത്തിലാണ്.
അന്ന് അൻഷുലിന് 21 വയസ് മാത്രമായിരുന്നു പ്രായം. എഫ്.ഐ.ആറിൽ പൊലീസിന്‍റെ ഗുർമീത് സിങ്ങിന്‍റെ പേര് ഉൾപ്പെടുത്തിയിട്ട് പോലുമില്ലായിരുന്നു. വെടിയേറ്റ് 28 ദിവസം ആശുപത്രിയിൽ കിടന്നാണ് ഛത്രപതി മരണത്തിന് കീഴടങ്ങിയത്. മൊഴിയിൽ നിന്ന് പൊലീസ് മനപ്പൂർവം ഗുർമീതിന്‍റെ പേര് നീക്കം ചെയ്തു. അവിടെ നിന്ന് തന്നെ അൻഷുലിന്‍റെ നിയമയുദ്ധം ആരംഭിച്ചു. അൻഷുലിന്‍റെ പരാതി പ്രകാരം പിന്നീട് സി.ബി.ഐ കേസ് ഏറ്റെടുക്കുകയായിരുന്നു.
ഒരുപാട് ഭീഷണികൾക്കിടയിലും പിതാവിന്‍റെ പത്രമായ 'പൂരാ സച്ച്' അൻഷുൽ നടത്തിക്കൊണ്ടുപോകുന്നു. എന്നാൽ പിതാവ് കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കു ശേഷം അൻഷുൽ ആശങ്കയിലാണ്. വ്യാഴാഴ്ച തന്‍റെ വീടിന് ചുറ്റും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന തിരക്കിലായിരുന്നു അൻഷുൽ. എന്തിനാണ് ഈ സുരക്ഷ എന്ന ചോദ്യത്തിന് അനുഷുൽ കൂടുതലൊന്നും പറഞ്ഞില്ല. അല്ലെങ്കിലും ഗുർമീത് സിങ്ങിനെതിരായ കേസ് വിധി പറയുന്ന ദിവസത്തിൽ അൻഷുലിന്‍റെ ആശങ്ക മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.