ജെ.പി. നഡ്ഡ വീണ്ടും ബംഗാളിൽ; കർഷകരുമായി സംവദിക്കും
text_fieldsകൊൽക്കത്ത: ആക്രമണത്തിന് ഒരുമാസത്തിനുശേഷം ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വീണ്ടും പശ്ചിമബംഗാളിൽ. കനത്ത സുരക്ഷ മുൻകരുതലുകളോടെയാണ് നഡ്ഡയുടെ പശ്ചിമ ബംഗാൾ സന്ദർശനം.
ബംഗാളിൽ വീടുകൾ തോറും കയറി അരി ശേഖരണ പരിപാടിക്ക് അദ്ദേഹം തുടക്കം കുറിച്ചു. ബി.ജെ.പിയെ കർഷക വിരുദ്ധ പാർട്ടിയെന്ന് വിളിക്കുന്ന പ്രതിപക്ഷത്തിന്‍റെ മുനയൊടിക്കുകയാണ് 'ഏക് മുത്തി ചാവൽ' എന്ന പരിപാടിയുടെ ലക്ഷ്യം. കർഷകരുടെ വീടുകളിൽ നേരിട്ടെത്തി അരി ശേഖരിക്കുകയും മൂന്ന് കാർഷിക നിയമങ്ങളുടെ ഗുണഫലങ്ങൾ വീടുകയറി അറിയിക്കുകയും ചെയ്യുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
ഡൽഹിയിൽ ഒരു മാസത്തിൽ അധികമായി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പ്രതിഷേധിക്കുന്നതിനിടെയാണ് ബി.ജെ.പി അധ്യക്ഷന്‍റെ പര്യടനം.
രാവിലെ 11.45ഓടെ കാസി നസ്റുൽ വിമാനത്താവളത്തിലെത്തിയ നഡ്ഡ ഹെലികോപ്ടർ വഴി ജഗ്ദാനന്ത്പുർ ഗ്രാമത്തിലെത്തി. അവിടെ പൂജ പരിപാടികളിൽ പങ്കെടുത്തശേഷമാണ് കർഷകരെ കാണാനെത്തിയത്. ഉച്ചക്ക് ശേഷം ബർധമാൻ ക്ലോക്ക് ടവറിന് മുന്നിൽനിന്ന് റോഡ് ഷോ ആരംഭിക്കും. പിന്നീട് മാധ്യമങ്ങളുമായി സംവദിക്കുമെന്നാണ് വിവരം.
ഡിസംബർ 10ന് കൊൽക്കത്തയിലെ ഡയമണ്ട് ഹാർബറിൽവെച്ച് നഡ്ഡയുടെ വാഹനം ആക്രമിക്കപ്പെട്ടിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുേന്നാടിയായി തൃണമൂൽ കോൺഗ്രസിൽനിന്ന് കൂടുതൽ നേതാക്കളെ ബി.ജെ.പിയിലെത്തിക്കാനും ബംഗാൾ പിടിച്ചെടുക്കാനുമാണ് ബി.ജെ.പി നീക്കം. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 40,000 യോഗങ്ങൾ സംഘടിപ്പിക്കുമെന്നാണ് വിവരം.
പശ്ചിമബംഗാളിൽ 71.23 ലക്ഷം കർഷകരാണുള്ളത്. ഇതിൽ 96 ശതമാനവും ചെറുകിട, ഇടത്തരം കർഷകരാണ്. കാർഷിക നിയമങ്ങൾക്കെതിരായി നടക്കുന്ന പ്രതിഷേധത്തെ പ്രതിരോധിക്കുകയാണ് ബി.ജെ.പിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.