വീട്ടിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയതിൽ ആരോപണം നേരിടുന്ന ജഡ്ജി സി.ബി.ഐ കേസിലും പ്രതിപ്പട്ടികയിൽ
text_fieldsയശ്വന്ത് വർമ
ന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തെ തുടർന്ന് അദ്ദേഹത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്.
സാമ്പത്തിക അഴിമതിയായ സിംഭോലി പഞ്ചസാര മിൽ തട്ടിപ്പ് കേസിൽ യശ്വന്ത് വർമ്മയും പ്രതിയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ പരാതിയെത്തുടർന്ന് സിംഭോലി ഷുഗേഴ്‌സിനെതിരെ 2018 ഫെബ്രുവരിയിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.
കർഷകർക്കായി നീക്കിവെച്ചിരുന്ന 97.85 കോടി രൂപ കമ്പനി ദുരുപയോഗം ചെയ്തുവെന്നും ഫണ്ട് മറ്റ് ആവശ്യങ്ങൾക്കായി തിരിച്ചുവിട്ടതായും ബാങ്ക് ആരോപിച്ചു. 2015 മേയിൽ സംഭവം ‘സംശയിക്കപ്പെടുന്ന വഞ്ചന’ കേസായി രേഖപ്പെടുത്തുകയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് സി.ബി.ഐ 12 വ്യക്തികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കമ്പനിയുടെ നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ യശ്വന്ത് വർമയെ പത്താം പ്രതിയാക്കി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിപ്പട്ടികയിൽ പേരുള്ളവർക്കെതിരെ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ല.
2024 ഫെബ്രുവരിയിൽ അന്വേഷണം പുനരാരംഭിക്കാൻ കോടതി സി.ബി.ഐയോട് ഉത്തരവിട്ടു. എന്നാൽ സിംഭോലി ഷുഗേഴ്‌സും അതിന്റെ ഡയറക്ടർമാരും ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം എങ്ങും എത്തിയില്ല. 2018ൽ സി.ബി.ഐ അന്വേഷിച്ചു തുടങ്ങിയ കേസ് എങ്ങുമെത്താതിനാൽ 2024ൽ സുപ്രീംകോടതി ഇടപെടുക വരെ ചെയ്തു. എന്നിട്ടും അന്വേഷണം ഫലപ്രദമായില്ല.
ജഡ്ജി യശ്വന്ത് വർമക്കെതിരെ നിയമ നടപടികൾ ഉണ്ടാവുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജഡ്ജിക്കെതിരെ ആരോപണമുയർന്നാൽ പ്രാഥമിക അന്വേഷണത്തിനുശേഷം മൂന്ന് സുപ്രീംകോടതി ജഡ്ജിമാർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. ജഡ്ജിയുടെ ഭാഗം കേട്ടശേഷം ആഭ്യന്തരസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയിലേക്ക് കടക്കും. പാർലമെന്റ് ഇംപീച്ച്മെന്റ് പ്രമേയം പാസാക്കി മാത്രമേ ഹൈകോടതി ജഡ്ജിയെ നീക്കാനാവൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.