ജാമിയ സംഘർഷം: ഷർജീൽ ഇമാം അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ജഡ്ജി വാദം കേൾക്കുന്നതിൽനിന്ന് പിൻമാറി
text_fieldsന്യൂഡൽഹി: ജാമിയ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർഥി നേതാക്കളായ ഷർജീൽ ഇമാം അടക്കം 10 പേരെ കുറ്റവിമുക്തരാക്കിയ ജഡ്ജി സമാനമായ കേസിൽ വാദം കേൾക്കുന്നതിൽനിന്ന് പിൻമാറി. ഡൽഹി സാകേത് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി അരുൾ വർമയാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസിൽനിന്ന് പിൻമാറിയത്. പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും സെഷൻസ് ജഡ്ജിയും ചേർന്ന് ഫെബ്രുവരി 13ന് ബെഞ്ച് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ 2019 ഫെബ്രുവരി 15-നാണ് ജാമിയ മില്ലിയ സർവകലാശാല കാമ്പസിൽ സംഘർഷമുണ്ടായത്. കാമ്പസിൽ അതിക്രമിച്ചുകയറിയ പൊലീസ് അതിക്രൂരമായാണ് വിദ്യാർഥികളെ നേരിട്ടത്. വിദ്യാർഥികൾ തങ്ങളെ അക്രമിക്കുകയും ബസ് കത്തിക്കുകയും ചെയ്‌തെന്നാണ് പൊലീസിന്റെ ആരോപണം.
ഷർജീൽ ഇമാമിന് പുറമെ സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇവരെ കുറ്റവിമുക്തരാക്കിയ ഉത്തരവിൽ ഡൽഹി പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ജസ്റ്റിസ് വർമ ഉന്നയിച്ചത്. കേസിൽ യഥാർഥ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും വിദ്യാർഥികളെ മനപ്പൂർവം ബലിയാടാക്കിയതാണെന്നും ജഡ്ജി പറഞ്ഞു.
കുറ്റാരോപിതരായ വിദ്യാർഥികൾ സംഘർഷത്തിൽ പങ്കാളികളായതിനോ ഏതെങ്കിലും ആയുധമുപയോഗിച്ചതിനോ കല്ലെറിഞ്ഞതിനോ വിശ്വസനീയമായ ഒരു തെളിവും ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വിയോജിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്രത്തിന്റെ ഭാഗമായ മൗലികാവകാശമാണെന്നും അത് സംരക്ഷിക്കാൻ കോടതി പ്രതിജ്ഞാബദ്ധമാണെന്നും ജസ്റ്റിസ് വർമ വിധിന്യായത്തിൽ പറഞ്ഞിരുന്നു.
ഷർജീൽ ഇമാം അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ പൊലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. വൈകാരികതയുടെ പുറത്താണ് കേസിൽ ജഡ്ജി തീരുമാനമെടുത്തതെന്നാണ് പൊലീസിന്റെ വാദം. അപ്പീൽ ഫെബ്രുവരി 13-ന് ജസ്റ്റിസ് സ്വരണ കാന്ത ശർമയുടെ ബെഞ്ച് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.