രാജീവ് വധക്കേസ് പ്രതികളോട് കരുണ കാണിക്കണമെന്ന് സോണിയയോട് കെ.ടി തോമസ്
text_fieldsന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളോട് കരുണ കാണിക്കണമെന്ന് വധശിക്ഷ ശരിവെച്ച മൂന്നംഗ ബെഞ്ചിന്‍റെ അധ്യക്ഷൻ ജസ്റ്റിസ് കെ.ടി തോമസ്. കോൺഗ്രസ് അധ്യക്ഷയും രാജീവ് ഗാന്ധിയുടെ ഭാര്യയുമായ സോണിയ ഗാന്ധിക്കാണ് ഇക്കാര്യം ആവശ്യപ്പെട്ട് ജസ്റ്റിസ് കെ.ടി തോമസ് കത്തെഴുതിയത്. 1991 മുതൽ ജയിലിൽ കഴിയുന്ന ഇവരോട് ഔദാര്യം കാണിക്കണമെന്നും ശിക്ഷയിൽ ഇളവനുവദിക്കുന്നത് സമ്മതമാണെന്ന് അറിയിക്കാണമെന്നുമാണ് കത്തിലെ ഉള്ളടക്കം.
ഒക്ടോബർ 18നാണ് ജസ്റ്റിസ് തോമസ് കത്തെഴുതിയിട്ടുള്ളത്. 2014ൽ പ്രതികളെ ജയിൽ മോചിതരാക്കാനുള്ള തമിഴ് നാട് സർക്കാറിന്‍റെ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാറാണ് സുപ്രംകോടതിയെ സമീപിച്ചത്. വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
'വളരെക്കാലമായി ജയിലിൽ കഴിയുന്ന ഇവരുടെ ശിക്ഷ ഇളവ് ചെയ്യാൻ സമ്മതമാണെന്ന് താങ്കളും രാഹുൽജിയും പ്രിയങ്കയും പ്രസിഡന്‍റിനെ അറിയിക്കുകയാണെങ്കിൽ കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കൈക്കൊള്ളാൻ സാധ്യതയുണ്ട്. മാനുഷിക പരിഗണന വെച്ച് താങ്കൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒരു പ്രവൃത്തിയാണിത്. ഈ കേസിൽ വിധി പറഞ്ഞ ജഡ്ജി എന്ന നിലക്ക് ഇക്കാര്യം താങ്കളുടെ ശ്രദ്ധയിൽ പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്ന് കരുതുന്നു.'
മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോപാൽ ഗോഡ്സെയെ 1964ൽ കേന്ദ്രസർക്കാർ വെറുതെ വിട്ട കാര്യവും കെ.ടി തോമസ് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഗാന്ധിവധത്തിൽ ഗോഡ്സെ പേരിലുള്ള കുറ്റവും ഗൂഢാലോചനയിൽ പങ്കെടുത്തു എന്നതായിരുന്നു. 14 വർഷത്തെ ജയിൽവാസത്തിന് ശേഷം ഗോഡ്സെയെ കേന്ദ്രസർക്കാറാണ് കുറ്റവിമുക്തനാക്കിയത്.
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലും കത്തിലെ ഉള്ളടക്കം കെ.ടി തോമസ് സ്ഥിരീകരിച്ചു. കേസ് അന്വേഷിച്ച സി.ബി.ഐക്ക് ഗുരുതരമായ പിഴവുകൾ സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പേരറിവാളന്‍റെ കേസിൽ കുറ്റസമ്മതമൊഴിയുടെ സാധുതയെക്കുറിച്ചുള്ള ചർച്ച കൂടി മുന്നോട്ടുവന്നിരിക്കുകയാണ്. യഥാർഥത്തിൽ എവിഡൻസ് ആക്ട് പ്രകാരം കുറ്റസമ്മത മൊഴി പ്രധാന തെളിവായി സ്വീകരിക്കാൻ കഴിയില്ല. എന്നാൽ മറ്റ് രണ്ട് ജഡ്ജിമാരും തന്‍റെ ഈ വാദം തള്ളിക്കൊണ്ട് കുറ്റസമ്മതത്തെ പ്രധാന തെളിവായി അംഗീകരിക്കണം എന്ന് വാദിക്കുകയായിരുന്നു. ടാഡ നിയമ പ്രകാരം കുറ്റസമ്മതമൊഴിയെ പ്രധാന തെളിവായി അംഗീകരിക്കാം. എന്നാൽ വിധി വന്നതിന് ശേഷം പല നിയമജ്ഞരും തന്നോട് അത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞു.'
അന്വേഷണ സംഘത്തിന് സംഭവിച്ച ഗുരുതരമായ പിഴവുകളെക്കുറിച്ചും ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. വാദം നടക്കുന്നതിനിടെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 40 ലക്ഷം രൂപയുടെ ഉറവിടം താൻ താണെന്ന് ചോദിച്ചിരുന്നു. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡി. കാർത്തികേയനുമായി സംസാരിച്ച ശേഷം അതേക്കുറിച്ച് പിറ്റേന്ന് മറുപടി പറയാമെന്ന് കോടതിയിൽ ഹാജരായ സി.ബി.ഐ ഉദ്യോഗസ്ഥൻ അഹമ്മദ് മറുപടി നൽകി. എന്നാൽ പിറ്റേന്ന് അതേക്കുറിച്ച് ഒന്നും അറിയില്ല എന്നാണ് ഇവർ ഉത്തരം പറഞ്ഞത്.
സമൂഹത്തിലെ അത്യുന്നതനായ ഒരു വ്യക്തിയുടെ വധക്കേസിലെ പ്രതികളായിരുന്നു അവർ. അല്ലായിരുന്നുവെങ്കിൽ ഇവർ ശിക്ഷിക്കപ്പെടുമായിരുന്നോ എന്ന ചോദ്യത്തിന് എന്‍റെ പക്കൽ ഉത്തരമില്ല- കെ.ടി തോമസ് പറഞ്ഞു.
സോണിയ ഗാന്ധിക്കുള്ള കത്ത് കെ.ടി തോമസ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. 'ജയിലിൽ കഴിയുന്ന ഇവരോട് കരുണ കാണിക്കാനാണ് ദൈവവും നമ്മോട് ആവശ്യപ്പെടുന്നത്. താങ്കളോട് തെറ്റായി എന്തെങ്കിലും കാര്യം ആവശ്യപ്പെട്ടുവെങ്കിൽ ഞാൻ അതിന് ക്ഷമ ചോദിക്കുന്നു.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.