അഞ്ചുലക്ഷം രൂപ തന്നാൽ എല്ലാം സെറ്റാക്കാം; പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട ജഡ്ജിയുടെ ജാമ്യാപേക്ഷ തള്ളി മുംബൈ ഹൈകോടതി
text_fieldsമുംബൈ: കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട സത്താറ ജില്ല ആൻഡ് സെഷൻസ് ജഡ്ജി ധനഞ്ജയ് നികമിന്റെ ജാമ്യഹരജി ബോംബെ ഹൈകോടതി തള്ളി. വഞ്ചന കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം നൽകാൻ നികം അഞ്ചുലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാണ് മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ കണ്ടെത്തിയത്. ജുഡീഷ്യൽ ഓഫിസർ ഉൾപ്പെട്ട കേസായതിനാൽ ഹരജി ജസ്റ്റിസ് എൻ.ആർ. ബോർകറിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.
ജഡ്ജിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് വാദിച്ച അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വീര ഷിൻഡെ നികമിന്റെ ജാമ്യഹരജി എതിർക്കുകയായിരുന്നു. അഭിഭാഷകനായ വിരേഷ് പൂർവാന്ത് ആണ് നികമിന് വേണ്ടി ഹാജരായത്.
എന്നാൽ താൻ നിരപരാധിയാണെന്നും വ്യാജമായി കേസിൽ കുടുക്കിയതാണെന്നും നികം വാദിച്ചു. കൈക്കൂലി ആവശ്യപ്പെട്ടതിനോ സ്വീകരിച്ചതിനോ നേരിട്ടുള്ള തെളിവുകൾ എഫ്.ഐ.ആറിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വഞ്ചനാക്കുറ്റം ചുമത്തിയ സിവിലിയൻ ഡിഫൻസ് ജീവനക്കാരനുമായി ബന്ധപ്പെട്ട കേസിലാണ് കൈക്കൂലി ആരോപണം ഉയർന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജീവനക്കാരന് കീഴ്‌ക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മകൾ സത്താറ സെഷൻസ് കോടതിയിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചു.
അനുകൂലമായി വിധി പറയുന്നതിന് നികമിന്റെ വേണ്ടി മുംബൈയിൽ നിന്നുള്ള കിഷോർ സംഭാജി ഖരത്, സത്താറയിൽ നിന്നുള്ള ആനന്ദ് മോഹൻ ഖരത് എന്നിവർ സ്ത്രീയിൽ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. 2024 ഡിസംബർ മൂന്നിനും ഒമ്പതിനും ഇടയിൽ നടത്തിയ അന്വേഷണത്തിൽ കൈക്കൂലി ആവശ്യം സ്ഥിരീകരിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം നികമിനെതിരെ കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.