അയോധ്യ വിധി പറഞ്ഞ് ജഡ്ജിമാർ വീഞ്ഞും അത്താഴവുമായി 'ആഘോഷിച്ചു'
text_fieldsന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ വിട്ടുകൊടുത്ത വിധി പുറപ്പെടുവിച്ച ദിവസം ജഡ്ജിമാർ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വീഞ്ഞും അത്താഴവുമായി ആഘോഷമാക്കിയെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ വെളിപ്പെടുത്തൽ. വിധി പുറപ്പെടുവിച്ച 2019 നവംബർ ഒമ്പതിന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് മാൻസിങ്ങിലായിരുന്നു ഏറ്റവും മുന്തിയ വീഞ്ഞും ചൈനീസ് ഭക്ഷണവും വിളമ്പി ജഡ്ജിമാർക്കുള്ള അത്താഴമെന്ന് 'ജഡ്ജിക്ക് നീതി' എന്ന ആത്മകഥയിൽ ഗൊഗോയി കുറിച്ചു.
ഗൊഗോയിക്ക് പുറമെ അദ്ദേഹത്തിനു ശേഷം വിരമിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, റിട്ട. ജസ്റ്റിസ് അശോക് ഭൂഷൺ, നിലവിൽ സുപ്രീംകോടതി ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, എസ്. അബ്ദുൽനസീർ എന്നിവരായിരുന്നു വിവാദ വിധി പുറപ്പെടുവിച്ചത്.
അന്നത്തെ അത്താഴത്തെ കുറിച്ച് ഗൊഗോയി എഴുതിയതിങ്ങനെ: ''അയോധ്യ വിധിക്ക് ശേഷം സുപ്രീംകോടതി സെക്രട്ടറി ജനറൽ ഒന്നാം നമ്പർ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയിൽ അശോക ചക്രത്തിന് താഴെ ഒരു ഫോട്ടോ സെഷൻ ഒരുക്കി. വൈകീട്ട് ഞാൻ എല്ലാ ജഡ്ജിമാരെയും ഹോട്ടൽ താജ് മാൻസിങ്ങിലേക്ക് കൊണ്ടുപോയി. ചൈനീസ് ഭക്ഷണം കഴിച്ച് അവിടുത്തെ ഏറ്റവും മികച്ച ഒരു കുപ്പി വീഞ്ഞും ഞങ്ങൾ പങ്കുവെച്ചു. കൂട്ടത്തിൽ ഏറ്റവും മുതിർന്നയാളെന്ന നിലയിൽ ഞാൻതന്നെ ബില്ലും കൊടുത്തു''.
ആകിൽ ഖുറൈശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശ താൻ പിൻവലിച്ചത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഏറ്റുമുട്ടൽ ഒഴിവാക്കാനായിരുന്നുവെന്ന് ഗൊഗോയി പുസ്തകത്തിൽ ന്യായീകരിച്ചു. തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി താൻ തന്നെ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത് ശരിയായില്ലെന്നും എല്ലാ മനുഷ്യർക്കും തെറ്റുപറ്റാമെന്നും പുസ്തക പ്രകാശന ചടങ്ങിൽ ഗൊഗോയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.