ജുഡീഷ്യൽ ആക്ടിവിസം; സർക്കാർ –ചീഫ് ജസ്റ്റിസ് വാക്പോര് തുടരുന്നു
text_fieldsന്യൂഡൽഹി: ജുഡീഷ്യൽ ആക്ടിവിസം സംബന്ധിച്ച് കേന്ദ്ര മന്ത്രിമാരും സുപ്രീംകോടതി ചീഫ് ജസ്റ്റിസും തമ്മിൽ പരസ്യസംവാദം തുടരുന്നു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുേമ്പാൾ വ്യക്തിയുടെ രക്ഷക്കെത്തേണ്ടത് കോടതികളുടെ ബാധ്യതയാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ദേശീയ നിയമദിനത്തിൽ നടത്തിയ പരാമർശമാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. ചടങ്ങിൽ സംബന്ധിച്ച ആഭ്യന്തര മന്ത്രി അരുൺ ജെയ്റ്റ്ലി ഇതിനെ വിമർശിച്ചിരുന്നു.
ഇതിനിടെ, ജഡ്ജിമാർക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. ജഡ്ജിമാർക്ക് സ്വയംനിയന്ത്രണം ആവശ്യമാണെന്നും സൂപ്പർ ഭരണകൂടമാവരുതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന ദിനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സുപ്രീംകോടതി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറുകൾക്കാണ് ഭരണനിർവഹണാവകാശം. പൊതുതാൽപര്യ ഹരജികൾ ഭരണകൂടത്തിന് പകരമാവില്ല. നീതിന്യായ സംവിധാനത്തിന് സത്യസന്ധതയും ഒൗചിത്യ ബോധവും പ്രധാനമാണെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. ദേശീയ ന്യായാധിപ നിയമന കമീഷൻ രൂപവത്കരണം നിരാകരിച്ച സുപ്രീംകോടതി നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി, പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും ന്യായാധിപ നിയമനത്തിൽ വിശ്വാസമില്ലെങ്കിൽ ഭരണകൂടവും നീതിന്യായ സംവിധാനവും അക്കാര്യം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. നിയമമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ചീഫ് ജസ്റ്റിസും രംഗത്തുവന്നു. മൗലികാവകാശം ഭരണഘടനയുടെ അടിസ്ഥാന തത്ത്വമാണെന്ന് ആവർത്തിച്ച അദ്ദേഹം, നിയമ വിശകലന അധികാരത്തോടെയുള്ള സ്വതന്ത്ര നീതിന്യായ സ്വാതന്ത്ര്യം ഭരണഘടന കൽപിച്ചുതന്നതാണെന്ന് വ്യക്തമാക്കി.
പൗരെൻറ മൗലികാവകാശ വിഷയത്തിൽ വിട്ടുവീഴ്ചക്കില്ല. വ്യക്തിയുടെ അവകാശം തന്നെയാണ് പരമപ്രധാനം. എല്ലാവരും ഭരണഘടനക്ക് വിധേയരാണെന്നും അതിെൻറ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കണമെന്നുമാണ് സുപ്രീംകോടതി വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികൾക്ക് ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ കോടതികൾ മുൻകൈയെടുക്കണമെന്ന് ശനിയാഴ്ച നടത്തിയ പ്രസംഗത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. സർക്കാറും കോടതികളും നിയമനിർമാണ സഭയും ഭരണഘടനയുടെയും അതിെൻറ തത്ത്വങ്ങളുടെയും സംരക്ഷകരാണ്.
അതേസമയം, സർക്കാറിനെ നേർവഴിക്ക് നയിക്കാൻ കോടതികൾക്ക് അവകാശമുണ്ടെന്നും എന്നാൽ, സ്വയംഭരണകൂടമാവാൻ ശ്രമിക്കരുതെന്നും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ഭരണകൂടത്തിന് പിഴവുണ്ടാകുേമ്പാൾ നടത്തുന്ന ഇടപെടൽ ജുഡീഷ്യൽ ആക്ടിവിസമാണെന്ന നിരീക്ഷണം ശരിയല്ല. കോടതികളുടെ പ്രവർത്തനപരിധിയിൽ ഭരണകൂടം ഇടപെട്ടാൽ ന്യായീകരിക്കാനാവുമോയെന്നും അദ്ദേഹം ചോദിച്ചു.
റോഹിങ്ക്യ വിഷയത്തിൽ സർക്കാറും കോടതിയും സ്വീകരിച്ച നിലപാടുകളാണ് ഇരുഅധികാര കേന്ദ്രങ്ങളും തമ്മിലെ സംവാദത്തിലേക്ക് നയിച്ചത്.
റോഹിങ്ക്യകൾക്ക് അഭയം നൽകുന്നത് രാഷ്ട്ര സുരക്ഷക്ക് ഹാനികരമായതിനാൽ ഏതുവിധത്തിലും അവരെ പുറത്താക്കണമന്നാണ് സർക്കാർ വാദം.
എന്നാൽ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന റോഹിങ്ക്യൻ അഭയാർഥികൾക്കുനേരെയുള്ള അതിക്രമം മൗലികാവകാശ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.