മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഡൽഹി റൗസ് അവന്യൂ കോടതി മേയ് 31 വരെയാണ് കസ്റ്റഡി നീട്ടിയത്.
2023 ഫെബ്രുവരി മുതൽ മനീഷ് സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന് ജൂൺ രണ്ടുവരെ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, കെജ്രിവാളിന്റെ പേഴ്സനൽ അസിസ്റ്റന്റ് ബിഭവ് കുമാർ ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നോർത്ത് ഡൽഹി ഡി.സി.പി അഞ്ജിത ചെപ്യാലയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം.
മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽനിന്നും സംഘം മൊഴിയെടുത്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കണ്ട ഉദ്യോഗസ്ഥരെ പ്രത്യേകം ചോദ്യം ചെയ്തിട്ടുമുണ്ട്.
പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ വീണ്ടും ആരോപണവുമായി സ്വാതി മലിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. തന്‍റെ കാറിന്‍റെ നമ്പറടക്കം വ്യക്തിപരമായ വിവരങ്ങള്‍ എ.എ.പി പരസ്യമാക്കിയെന്നും ബന്ധുക്കളുടെ ജീവന്‍ അടക്കം അപകടത്തിലാക്കുന്നു എന്നുമാണ് സ്വാതി മലിവാൾ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.