സഹോദരനെ തിരിച്ചുകിട്ടാന്‍ സദഫ് പോരാട്ടവേദിയില്‍
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍നിന്ന് എം.എസ്സി വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായ സംഭവത്തില്‍ പൊലീസും അധികൃതരും പുലര്‍ത്തുന്ന നിസ്സംഗതക്കെതിരെ താക്കീതുമായി സഹോദരി സദഫ് മുശര്‍റഫ്. നജീബിനെ തേടി കാമ്പസില്‍ കഴിയുന്ന ഉമ്മ ഫാത്വിമ നഫീസക്ക് കൂട്ടായി എത്തിയ സദഫ് ഭരണകാര്യാലയത്തിനു മുന്നില്‍ നടത്തിയ പ്രസംഗം വിദ്യാര്‍ഥികളുടെ ഘെരാവോ സമരത്തിന് ഊര്‍ജം പകര്‍ന്നു. അനിയനെ തിരിച്ചുകിട്ടുംവരെ താന്‍ കാമ്പസില്‍ തുടരുമെന്ന് സദഫ് പ്രഖ്യാപിച്ചു.
ഓഖ്ലയിലെ സ്കൂളില്‍ അധ്യാപികയായ ഇവര്‍, ഒരു അജ്ഞാത മൃതദേഹം അനിയന്‍േറതോ എന്നു പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് എത്തിയത്. അതു നജീബായിരുന്നില്ല. തുടര്‍ന്ന് വി.സിയെ കണ്ട് സംസാരിച്ചെങ്കിലും തിരോധാനം സംബന്ധിച്ച് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനാവില്ല എന്ന് ആവര്‍ത്തിക്കുകയായിരുന്നു. വിദ്യാര്‍ഥിസംഘര്‍ഷം സംബന്ധിച്ചെങ്കിലും പരാതി നല്‍കണമെന്ന് അദ്ദേഹത്തോട് കരഞ്ഞു പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ളെന്ന് സദഫ് പറഞ്ഞു.
പരുഷമായി പെരുമാറിയ റെക്ടര്‍ ചിന്താമണി മഹാപത്ര കോടതിയില്‍ കണ്ടോളാം എന്നാണു പറഞ്ഞത്. ‘കോടതിയില്‍ കാണുക തന്നെ ചെയ്യും. അനുജനെ വി.സിയുടെയും അധികൃതരുടെയും ചുമതലയില്‍ ഏല്‍പിച്ചാണ് പഠിക്കാനയച്ചത്. അവന്‍ എവിടെയെന്ന് പറയാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്’ -സദഫ് പറഞ്ഞു.
ഇത് ഹിന്ദു-മുസ്ലിം പ്രശ്നമല്ളെന്നും നാളെ ഏതൊരു വിദ്യാര്‍ഥിക്കും ഈ അവസ്ഥ ഉണ്ടായേക്കാമെന്നും പറഞ്ഞ അവര്‍ മുറിയടച്ചിരിക്കുന്ന വി.സിയുടെ ചെവിയില്‍ മുഴങ്ങുന്ന ഉച്ചത്തില്‍ പ്രതിഷേധമുയര്‍ത്താന്‍ അഭ്യര്‍ഥിച്ചു. നിയമനടപടി ആരംഭിക്കുമെന്നും നിയമവിധേയമായി മാത്രം സമരം നടത്തണമെന്നും അവര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു. ‘എന്‍െറ നജീബിനെ തിരിച്ചുതരൂ’ എന്ന മുദ്രാവാക്യത്തോടെ അവര്‍ സംസാരം അവസാനിപ്പിക്കുമ്പോഴേക്കും വാക്കുകളെ കരച്ചില്‍ കവര്‍ന്നിരുന്നു. കേട്ടുനിന്ന വിദ്യാര്‍ഥികള്‍ കൂട്ടമായി ഭരണകാര്യാലയത്തിലേക്ക് ഒഴുകിയതോടെ ജെ.എന്‍.യു ചെറുത്തുനില്‍പിന്‍െറ പുതിയൊരു ചരിത്രരാത്രിക്ക് സാക്ഷിയാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.