ഓൺലൈൻ വാദത്തിനുള്ള സൗകര്യം അഭിഭാഷകർ ദുരുപയോഗം ചെയ്യുന്നു; രോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഓൺലൈൻ വാദത്തിനുള്ള സൗകര്യം അഭിഭാഷകർ ദുരുപയോഗം ചെയ്യുന്നതിൽ രോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇന്ന് ജസ്റ്റിസ് അജയ് രോസ്തഗി, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവർ ആറാം കോടതിമുറിയിൽ കേസുകൾ പരിഗണിക്കുന്നതിനിടെയാണ് സംഭവം. ഇതേത്തുടർന്ന് ഓൺലൈൻ വാദത്തിനുള്ള ലിങ്കുകൾ ഒഴിവാക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു.
കേസുകൾ പരിഗണിക്കുന്നതിനിടെ ഒരു കേസിൽ ജൂനിയർ അഭിഭാഷകൻ പാസ്-ഓവർ ആവശ്യപ്പെടുകയായിരുന്നു. തന്‍റെ സീനിയർ അഭിഭാഷകൻ ഒന്നാം കോടതിമുറിയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ് നീട്ടാനുള്ള അഭ്യർഥന. ഇത് അനുവദിച്ച കോടതി പിന്നീട് വീണ്ടും ഈ കേസ് വിളിച്ചു. ഈ സമയത്ത് തന്‍റെ സീനിയർ അഭിഭാഷകൻ ഓൺലൈനായി വാദത്തിന് എത്താമെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
ഇതോടെ ജസ്റ്റിസ് രോസ്തഗി ദേഷ്യപ്പെട്ടു. 'വക്കീൽ സാഹിബ്, എന്‍റെ കോടതിയിൽ മിടുക്കനാവാൻ ശ്രമിക്കല്ലേ, 40 വർഷത്തെ അനുഭവം ഞങ്ങൾക്കുണ്ട്. നിങ്ങൾ പ്രശ്നത്തിലാകും' -അദ്ദേഹം പറഞ്ഞു.
ഓൺലൈനിൽ എത്തിയ സീനിയർ അഭിഭാഷകനോടും കോടതി ചൂടായി. 'നിങ്ങളുടെ ജൂനിയർ പറയുന്നു നിങ്ങൾ ഒന്നാംനമ്പർ കോടതി മുറിയിൽ ഉണ്ടെന്ന്. എന്നിട്ട് നിങ്ങൾ ഇപ്പോൾ ഓൺലൈനിൽ ഹാജരാകുകയാണോ'. താൻ ഉപഭോക്തൃ കോടതിയുടെ സ്പെഷൽ ബെഞ്ചിന് മുന്നിലായിരുന്നെന്നും 9.30നാണ് വാദം ആരംഭിച്ചതെന്നും അഭിഭാഷകൻ അറിയിച്ചു.
ഇതോടെ കൂടുതൽ ദേഷ്യം പ്രകടിപ്പിച്ച കോടതി, ഓൺലൈൻ വാദത്തിന്‍റെ ലിങ്കുകൾ ഒഴിവാക്കാൻ നിർദേശം നൽകി. അഭിഭാഷകർക്ക് നൽകിയ ഈ സൗകര്യം അവർ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.