Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ന് ചെയ്യേണ്ട ജോലികൾ...

ഇന്ന് ചെയ്യേണ്ട ജോലികൾ ഇന്നുതന്നെ തീർക്കുക; നാ​ളേക്ക് മാറ്റിവെക്കരുത് -അഭിഭാഷക രംഗത്തേക്ക് വരുന്നവരോട് ജസ്റ്റിസ് നാഗരത്നയുടെ ഉപദേശം

text_fields
bookmark_border
Justice BV Nagarathna
cancel

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും പുരുഷാധിപത്യമുള്ള മേഖല ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം ജുഡീഷ്യറിയാണെന്ന്. അങ്ങനെയുള്ള ഒരിടത്തുനിന്നാണ് 61 കാരിയായ ജസ്റ്റിസ് ബി.വി. നാഗരത്ന സുപ്രീംകോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാനൊരുങ്ങുന്നത്. ഇന്ത്യയുടെ 19ാം ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ഇ.എസ്. വെങ്കിടരാമയ്യയുടെ മകളാണ് നാഗരത്ന.

ജുഡീഷ്യൽ കരിയർ തിരഞ്ഞെടുത്തപ്പോൾ പിതാവ് നൽകിയ ഉപദേശങ്ങളെ കുറിച്ചും സ്ത്രീയെന്ന നിലയിൽ തന്നെ ചുമതല ഭംഗിയായി നിറവേറ്റുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് അവർ. വളരെ വിഷമം പിടിച്ച ജോലികൾ ഒരിക്കലും നാളേക്ക് മാറ്റിവെക്കരുത് എന്നും ഇന്നു തന്നെ ചെയ്തു തീർക്കണമെന്നുമായിരുന്നു അച്ഛൻ പറഞ്ഞത്. ആരാണ് നിങ്ങളുടെ വാതിലിൽ മുട്ടുന്നത് എന്നത് അറിയാൻ സാധിക്കില്ല. അവരെ സേവിക്കേണ്ടത് പ്രധാനമാണ്. നാളേക്കുള്ള ജോലികൾ ഇന്ന് ചെയ്ത് തീർക്കേണ്ടതും പ്രധാനമാണ്. കേസുകൾ വരുമ്പോൾ എല്ലായ്പ്പോഴും കോടതിയിൽ ഹാജരായിരിക്കണം എന്നതായിരുന്നു അടുത്ത ഉപദേശം. അഭിഭാഷക​ൻ കോടതിയിൽ ഇല്ലാതിരുന്നാൽ കേസിനെ മുൻവിധിയി​ലേക്ക് നയിക്കും.

ഏറെ പുരുഷാധിപത്യം നിലനിൽക്കുന്ന മേഖലയാണിത്. സ്ത്രീകൾക്ക് ഈ മേഖലയിൽ തുടരണമെങ്കിൽ, പ്രത്യേകിച്ച് വിവാഹിതയും കുട്ടികളുള്ളയാളുമാണെങ്കിൽ കുടുംബത്തിന്റെ പിന്തുണയില്ലാതെ ഒരിക്കലും ജോലി ചെയ്യാൻ സാധിക്കില്ല. അതോടൊപ്പം മുതിർന്ന സഹജീവനക്കാരുടെ സഹകരണവും വേണം. പല സ്​ത്രീകളും ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. എന്നാൽ ഉന്നത പദവികളിൽ എത്തിപ്പെടാറില്ല. കുടുംബത്തിന്റെയും ജോലിയുടെയും ഭാരിച്ച ഉത്തരവാദിത്തം മൂലമാണത്. രണ്ടും ഒരുപോലെ ബാലൻസ് ചെയ്ത് കൊണ്ടുപോകേണ്ടത് അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഇന്നത്തെ കാലത്ത് ഒരുപാട് വെല്ലുവിളികൾക്കിടയിലും സ്ത്രീകൾ മുന്നേറുന്നുണ്ട്. ജില്ലാ തലം വരെ 50 ശതമാനം ജഡ്ജിമാരും സ്ത്രീകളായിരിക്കും. നിരവധി പേർ പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. താൻ ഉന്നതസ്ഥാനങ്ങളിലെത്തിയതിന്റെ ക്രെഡിറ്റിന്റെ പങ്ക് ഭർത്താവ് ബി.എൻ. ഗോപാലകൃഷ്ണക്ക് നൽകാനും നാഗരത്ന മടിക്കുന്നില്ല. വീട്ടുചുമതലകൾ അദ്ദേഹം സ്വയം ഏറ്റെടുത്താണ് തന്നെ ഔദ്യോഗിക കൃത്യനിർവഹണത്തിനയച്ചു. പെൺമക്കളായ നയൻതാരയും പ്രേരണയും ജോലി ചെയ്യുന്ന അമ്മയാണെന്നത് അറിഞ്ഞുജീവിച്ചു. അമ്മയെ ഒരിക്കലും ശല്യം ചെയ്യരുതെന്ന് അവർ കുട്ടിക്കാലത്തേ മനസിലാക്കി സ്വന്തം നിലക്ക് തന്നെ വളർന്നു. അത് എന്നിലെ കുറ്റബോധം കുറച്ചു. ഉയർന്ന പദവികളിലെത്തുമ്പോൾ താൻ തന്നെ കുടുംബത്തെ അവഗണിക്കുകയാണല്ലോ എന്ന ഒരു കുറ്റബോധം പല സ്ത്രീകളെയും പിന്തുടരും. പുരുഷന്റെ വിജയങ്ങൾക്ക് പിന്നിൽ ഒരു സ്ത്രീയുണ്ടായിരിക്കും എന്നാണ് പറയാറുള്ളത്. എന്നാൽ എല്ലാ വിജയിച്ച സ്ത്രീകൾക്കും പിന്നിൽ കുടുംബമുണ്ടാകും എന്ന് എനിക്ക് പറയാൻ സാധിക്കും. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്.-നാഗരത്ന പറഞ്ഞു.

കുടുംബത്തെ കൂടെ നിർത്തി മുന്നോട്ടുപോകാൻ കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും വലിയ നേട്ടമെന്നും അങ്ങനെ വന്നാൽ കൂടുതൽ വനിത ജഡ്ജിമാരെ നാടിന് ലഭിക്കുമെന്നും നാഗരത്ന പറഞ്ഞുനിർത്തി. സീനിയോറിറ്റി കണക്കിലെടുത്താൽ 2027ലാണ് നാഗരത്ന ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആയി അധികാരമേൽക്കുക. ബംഗളൂരുവില്‍ അഭിഭാഷകയായാണ് നാഗരത്‌ന തന്‍റെ ഔദ്ധ്യോഗിക നിയമ ജീവിതം ആരംഭിക്കുന്നത്. 2008 ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി നിയമിതയായതോടെ ന്യായാധിപ രംഗത്തേക്ക് കടന്നു. തുടര്‍ന്ന് 2010 ല്‍ സ്ഥിരം ജഡ്ജിയായി നിയമിതയായി. 1989 ല്‍ ആറ് മാസമായിരുന്നു പിതാവ് ഇ എസ് വെങ്കടരാമയ്യ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതെങ്കില്‍ വെറും 36 ദിവസം മാത്രമായിരിക്കും നാഗരത്‌നയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തെ കാലാവധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice BV Nagarathna
News Summary - Justice BV Nagarathna says how she balanced law career, family life
Next Story