തന്‍റെ യാത്രയയപ്പിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് ജ. ചെലമേശ്വർ
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയുടെ കീഴ്വഴക്കങ്ങളെ ലംഘിച്ച് വീണ്ടും ജസ്റ്റിസ് ജെ. ചെലമേശ്വർ. സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന തന്‍റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് ചെലമേശ്വർ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നാണ് അദ്ദേഹം അധികൃതരെ അറിയിച്ചത്.
ഇത്തരം പരിപാടികൾ സന്തോഷപ്രദമായി തനിക്ക് അനുഭവപ്പെടാറില്ല. ആന്ധ്ര ഹൈകോടതിയിൽ നിന്നുള്ള യാത്രയയപ്പ് പരിപാടിയും ഇക്കാരണത്താൽ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വേനലവധിക്കായി മെയ് 19ന് കോടതി അടക്കുന്നതു മൂലം ജൂൺ 22ന് സുപ്രീംകോടതിയിൽ നിന്നും വിരമിക്കുന്ന ജസ്റ്റിസ് ചെലമേശ്വറിന് മെയ് 18ന് യാത്രയയപ്പ് നൽകാനായിരുന്നു ബാർ അസോസിയേഷൻ തീരുമാനിച്ചിരുന്നത്.
താൻ വ്യക്തിപരമായി ഇക്കാര്യം സംസാരിച്ചെങ്കിലും ജസ്റ്റിസ് വിസമ്മതിക്കുകയായിരുന്നുവെന്ന് സുപ്രീകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് വികാസ് സിങ് വ്യക്തമാക്കി. പുനരാലോചനക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ജസ്റ്റിനെ സന്ദർശിക്കും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ നയങ്ങളെ വിമർശിച്ചുകൊണ്ട് ജസ്റ്റിസ് ചെലമേശ്വർ രംഗത്തെത്തിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ നടത്തിയ പത്രസമ്മേളനം നടന്നത് ചെലമേശ്വറിന്‍റെ വീട്ടിൽ വെച്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.