ദീപക് മിശ്രയുടെ കീഴിൽ സുപ്രീംകോടതി ശരിയായ ദിശയിലായിരുന്നില്ല -ജസ്റ്റിസ് കുര്യൻ ജോസഫ്
text_fieldsന്യൂഡൽഹി: ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ സുപ്രീംകോടതിയുടെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലായിരുന്നില്ലെന്ന് വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്. നേരായ ദിശയിൽ പ്രവർത്തിക്കാൻ ദീപക് മിശ്രയോട് തങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യാതൊരു മാറ്റവും സംഭവിച്ചില്ല. തങ്ങളുടെ മുമ്പിൽ മറ്റ് മാർഗങ്ങളില്ലാത്തത് കൊണ്ടാണ് ഇക്കാര്യം രാജ്യത്തോട് പറഞ്ഞതെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ കുര്യൻ ജോസഫ് വ്യക്തമാക്കി.
തന്‍റെ പദവിയെ രണ്ട് വിഭാഗങ്ങൾ നിരീക്ഷിച്ചിരുന്നു. അതിലൊന്നാണ് മാധ്യമങ്ങൾ. നല്ല രീതിയിൽ പ്രവർത്തിക്കാൻ തങ്ങൾക്കാവുന്ന തരത്തിൽ അവബോധം നൽകാൻ ശ്രമിച്ചു. എന്നാൽ, ഉച്ചത്തിൽ കുരക്കേണ്ട തലവന്‍ ഗാഢനിദ്രയിലായിരുന്നു. അതിനാലാണ് തങ്ങൾ കടിച്ചത് -കുര്യൻ ജോസഫ് വ്യക്തമാക്കി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ പരസ്യമായി വാർത്താ സമ്മേളനം നടത്തിയതിനെ കുറിച്ചാണ് കുര്യൻ ജോസഫ് പ്രതികരിച്ചത്.
നീതിന്യായവ്യവസ്ഥയുടെ മേൽഘടകങ്ങളിൽ അഴിമതിയുണ്ടെന്ന വാദത്തെ അനുകൂലിക്കുന്നില്ല. താഴേത്തട്ടിലുള്ള നീതിന്യായവ്യവസ്ഥയിലാണ് അഴിമതിയുള്ളത്. മേൽഘടകങ്ങളിൽ അഴിമതിയുള്ളതായി തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലത്തിലുള്ള ജഡ്ജിമാരുടെ സേവന കാലാവധി 70 വയസായി ഉയർത്തണം. ഇത് ജഡ്ജിമാരുടെ പരിജ്ഞാനവും പാടവവും കേസുകൾ വേഗത്തിൽ അവസാനിപ്പിക്കാൻ ഉപകരിക്കുമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കി.
രാജ്യത്തെ ഭരണഘടന എല്ലാ മതങ്ങളുടെ നല്ല മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നല്ല പുസ്തകമാണ്. ഇന്ത്യ മതേതര രാജ്യമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ മതേതരത്വത്തിന് വലിയ പ്രത്യേകതകളുണ്ട്. എല്ലാ മതങ്ങൾക്കും അതിന്‍റേതായ സ്ഥാനം നൽകുന്നു. പൗരന്മാർക്ക് മതം വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. എന്നാൽ, മൗലികാവകാശങ്ങൾ ലംഘിക്കാൻ അനുവദിക്കുന്നില്ല എന്നതാണ് ഏക നിയന്ത്രണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.