വിനോദ് ചന്ദ്രൻ പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsപട്ന: മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന സഞ്ജയ് കരോൾ സുപ്രീംകോടതി ജഡ്ജായി നിയമിതനായതിനെത്തുടർന്നാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ ആ പദവിയിലെത്തുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സ്പീക്കർ അവധ് ബിഹാരി ചൗധരി തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
കേരള ലോ അക്കാദമിയിൽനിന്ന് നിയമ പഠനം പൂർത്തിയാക്കിയ വിനോദ് ചന്ദ്രൻ 1991 ലാണ് പ്രാക്ടീസ് ആരംഭിച്ചത്. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശിയാണ്. 2011 നവംബർ എട്ടിന് കേരള ഹൈകോടതിയിൽ അഡീഷനൽ ജഡ്ജായി ചുമതലയേറ്റു. 2013 ജൂണിൽ സ്ഥിരം ജഡ്ജിയായി. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് മുമ്പ് കൊളീജിയം നല്കിയ ശിപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരുന്നില്ല. ബോംബെ ഹൈകോടതിയിലേക്കു സ്ഥലംമാറ്റാന്‍ നേരത്തേ കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ മടക്കി. തുടര്‍ന്ന് ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസാക്കാന്‍ ശിപാര്‍ശ നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ കൊളീജിയം പട്ന ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.