കർണൻ അത്യപൂർവ വിധികളുടെ, നിലപാടുകളുടെ നായകൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ ചരിത്രത്തിലാദ്യമായി ജയിൽശിക്ഷ വിധിക്കപ്പെട്ട സിറ്റിങ് ഹൈകോടതി ജഡ്ജിയെന്ന ‘അപഖ്യാതി’യോടെയാണ് ജസ്റ്റിസ് കർണൻ ഒൗദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്. പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ പോയതോടെ കാണാമറയത്തുനിന്ന് വിരമിച്ച ജഡ്ജിയെന്ന നിലയിലും ഇന്ത്യൻ നീതിന്യായചരിത്രത്തിൽ സ്ഥാനംപിടിച്ചു ഇൗ ദലിത് ന്യായാധിപൻ.
പ്രഭാതസവാരിക്കിടയിൽ സഹജഡ്ജിയുടെ മുഖത്തടിച്ച ജഡ്ജിക്കെതിരെപ്പോലും ഉപയോഗിക്കാത്ത കോടതിയലക്ഷ്യമുറകളാണ് ജഡ്ജിമാർക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുകയും അവർക്കെതിരെ പരസ്യവിമർശനം നടത്തുകയും ചെയ്തതിെൻറ പേരിൽ ജസ്റ്റിസ് കർണൻ അനുഭവിച്ചത്. മദ്രാസ് ഹൈകോടതിയിൽ കേസ് വാദത്തിനിടെ കൂടെയിരുന്ന ഉന്നത ജാതിക്കാരനായ ജഡ്ജി കാലുകൊണ്ട് തൊഴിച്ചുവെന്ന് വാർത്തസമ്മേളനം നടത്തിയാണ് ജുഡീഷ്യറിയിലെ ദലിത് പീഡനത്തിനെതിരെ ജസ്റ്റിസ് കർണൻ പരസ്യമായി ശബ്ദിച്ചുതുടങ്ങിയത്. തുടർന്ന് മദ്രാസ് ഹൈകോടതിയിലെ ജഡ്ജിമാർക്കിടയിലെ ദലിത് പീഡനവും അഴിമതിയും ചൂണ്ടിക്കാട്ടി ജസ്റ്റിസ് കർണൻ വീണ്ടും രംഗത്തുവന്നു. ജഡ്ജിമാരുടെ പേരുകൾവെച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. തുടർന്നും നടപടിയില്ലാതെ വരുകയും ഇവരിൽ പല ജഡ്ജിമാരും സുപ്രീംകോടതിയിലെത്തുകയും ചെയ്തതോടെ വീണ്ടും വിമർശനവുമായി മുന്നോട്ടുപോയ കർണനെ കൽക്കത്ത ഹൈകോടതിയിലേക്ക് സ്ഥലംമാറ്റി. അതിനുശേഷം മദ്രാസ് ഹൈകോടതി രജിസ്ട്രാർ ജസ്റ്റിസ് കർണനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് സുപ്രീംകോടതി ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടികളാരംഭിച്ചത്. ജസ്റ്റിസ് കർണന് ബുദ്ധിഭ്രമമുണ്ടോ എന്ന് പരിശോധിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ആ പരിേശാധനക്ക് നിൽക്കാതെയാണ് ആറു മാസം തടവിന് ശിക്ഷിച്ചത്. ഇൗ രണ്ട് വിധികളും റദ്ദാക്കി ഇത് വിധിച്ച സുപ്രീംകോടതി ജഡ്ജിമാരെ ജയിലിലടക്കണമെന്ന് ജസ്റ്റിസ് കർണനും ഉത്തരവിട്ടു.
തെൻറ അധികാരപരിധിയിൽ കൈകടത്തരുതെന്ന് സുപ്രീംകോടതിയോട് തുറന്നുപറയാനും കർണൻ തന്നെ വേണ്ടിവന്നു. തനിക്ക് യാത്രാവിലക്ക് ഏർെപ്പടുത്തിയ സുപ്രീംകോടതി ജഡ്ജിമാരുടെ യാത്രകൾ വിലക്കിക്കൊണ്ടും ഒരിക്കൽ ഉത്തരവിറക്കി. കർണനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെെട്ടങ്കിലും അനുസരിച്ചില്ല. കർണെൻറ മാനസികനില പരിശോധിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ അദ്ദേഹം പുച്ഛിച്ചുതള്ളി. അതോടെയാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറൻറ് വന്നതോടെ ഒളിവിൽ പോയി. ഇൗ വർഷം ജനുവരിയിൽ കർണൻ പൊട്ടിച്ച അഴിമതിയാരോപണം രാജ്യത്തെതന്നെ ഞെട്ടിച്ചു. സുപ്രീം കോടതിയിലും െെഹകോടതികളിലും സർവിസിലുള്ളവരും വിരമിച്ചവരുമായ 20 ജഡ്ജിമാർ അഴിമതിയുടെ കറപുരണ്ടവരാണെന്ന് കർണൻ ആരോപിച്ചു.
2011 നവംബർ മുതൽതന്നെ കർണൻ ‘കലാപം’ തുടങ്ങി. സഹജഡ്ജിമാരുടെ പീഡനത്തിനെതിരെ അദ്ദേഹം ദേശീയ പട്ടികജാതി-വർഗ കമീഷനെ സമീപിച്ചു. കഴിഞ്ഞ മാസം കർണൻ എട്ട് സുപ്രീംകോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അത് സ്റ്റേ ചെയ്ത സുപ്രീംകോടതി പിേറ്റദിവസംതന്നെ കോടതിയലക്ഷ്യ നടപടി തുടങ്ങി. ഏഴംഗ ബെഞ്ചാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ആറു മാസം ജയിൽശിക്ഷ വിധിച്ചത്. അറസ്റ്റ് വാറൻറ് പുറത്തുവന്നതോടെ കർണൻ കൊൽക്കത്തയിൽനിന്ന് ചെന്നൈയിലേക്ക് പറന്നു. അവിടെ വാർത്താലേഖകരെ കണ്ട കർണൻ സുഹൃത്തുക്കളുമായും കൂടിക്കാഴ്ച നടത്തി. പൊലീസ് സംഘം എത്തുേമ്പാഴേക്കും മുങ്ങിയ കർണൻ പിന്നീട് അവരുടെ കണ്ണിൽപെട്ടില്ല. സിറ്റിങ് ഹൈകോടതി ജഡ്ജിയെ തൽസ്ഥാനത്തുനിന്ന് നീക്കാൻ പാർലമെൻറിനല്ലാതെ മറ്റാർക്കും അധികാരമില്ലാത്തതിനാൽ ജസ്റ്റിസ് കർണെൻറ ജുഡീഷ്യൽ അധികാരങ്ങൾ റദ്ദാക്കിയ സുപ്രീംകോടതി വിധി ഭരണഘടനാലംഘനമായി വിമർശിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.