നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടത്- ജസ്റ്റിസ് കുര്യൻ ജോസഫ്
text_fieldsകൊച്ചി: ജനങ്ങൾക്ക് ജുഡീഷ്യറിയിലുളള വിശ്വാസം കൂട്ടാനാണ് താനുൾപ്പെടെയുള്ള ജസ്റ്റിസുമാർ കാര്യങ്ങൾ തുറന്നുപറഞ്ഞതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നത്. പ്രശ്നങ്ങൾ വൈകാതെ പരിഹരിക്കപ്പെടും. ഇതോടെ എല്ലാം സുതാര്യമാകുമെന്നാണ് പ്രതീക്ഷയെന്നും കൊച്ചിയിലെത്തിയ കുര്യൻ ജോസഫ് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുന്നവരുടെ ഭരണപരമായ പിഴവുകൾ ജസ്റ്റിസ് കുര്യൻ ജോസഫ് നേരത്തെയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ മുഖംനോക്കിയാണ് ചീഫ് ജസ്റ്റിസ് കേസുകൾ വിഭജിച്ചുകൊടുക്കുന്നതെന്ന് തുറന്നടിച്ച വാർത്താസമ്മേളനത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പെങ്കടുത്തിരുന്നു. എന്നാൽ, വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രത്യേകമായി ഒന്നും സംസാരിച്ചില്ല. ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗൊഗോയി എന്നിവർ മാത്രമാണ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്.
ദുഃഖ വെള്ളിക്ക് ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ച ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവിെൻറ നടപടിക്കെതിരെ രണ്ടുവർഷം മുമ്പ് ജസ്റ്റിസ് കുര്യൻ ജോസഫ് രംഗത്തുവന്നിരുന്നു. ദുഃഖ വെള്ളിയുടെ തൊട്ടുപിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ദേശീയ അവധി ദിനങ്ങളായി പ്രഖ്യാപിച്ച വിശുദ്ധ ദിവസങ്ങൾക്ക് തുല്യ പരിഗണന നൽകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വെടിപൊട്ടിച്ച നാലുപേരും പരമോന്നത നീതിപീഠത്തിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ സീനിയോറിറ്റിയുള്ള നാലു ജഡ്ജിമാരാണ്. ഇവരും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്നതാണ് സുപ്രീംകോടതി കൊളീജിയം. ഇൗ കൊളീജിയമാണ് സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തിൽ ശിപാർശ നൽകുന്നത്. കൊളീജിയം സമ്പ്രദായം പരിഷ്കരിക്കണമെന്ന കാഴ്ചപ്പാടുകാരനാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. ദേശീയ ന്യായാധിപ നിയമന കമീഷൻ നിയമം റദ്ദാക്കിയ സുപ്രീംകോടതി ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം. ജഡ്ജി നിയമന സമ്പ്രദായത്തിൽ വിശ്വാസ്യതാരാഹിത്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.