ബാബരി മസ്ജിദ് കേസ് വിധി പ്രഹസനം- ജസ്റ്റിസ് ലിബര്‍ഹാന്‍
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകര്‍ത്തത് സംബന്ധിച്ച ഗൂഢാലോചന കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട സി.ബി.ഐ കോടതി വിധി പ്രഹസനമെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍. ലിബർഹാൻ കമ്മീഷെൻറ കണ്ടെത്തലുകളില്‍ നിന്ന് വ്യത്യസ്തമാണ് കോടതിയുടെ കണ്ടെത്തല്‍ എന്നും അദ്ദേഹം പ്രതികരിച്ചു.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകർത്ത് 10 ദിവസം കഴിഞ്ഞപ്പോള്‍ പഞ്ചാബ് ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലിബര്‍ഹാനെയാണ് പി.വി. നരസിംഹ റാവുവിെൻറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാർ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശമെങ്കിലും 17 വര്‍ഷത്തിന് ശേഷം 2009ലാണ് റിപ്പോര്‍ട്ട് നല്‍കിയത്. 48 തവണ കമ്മീഷെൻറ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കി. കമ്മീഷെൻറ പ്രവർത്തനത്തിനായി എട്ടു കോടി രൂപ ചെലവഴിക്കുകയും ചെയ്തു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദ അന്വേഷണം വേണമെന്നുമായിരുന്നു കമ്മീഷെൻറ ശിപാർശ.
ഇപ്പോഴത്തെ കോടതി വിധി തീര്‍ത്തും പ്രഹസനമാണെന്നായിരുന്നു ജസ്റ്റിസ് ലിബര്ഹാെൻറ ആദ്യ പ്രതികരണം. കോടതി വിധി പകര്‍പ്പ് കണ്ടാല്‍ മാത്രമേ വ്യക്തമായി പ്രതികരിക്കാന്‍ സാധിക്കൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ഗൂഢാലോചന നടന്നില്ല എന്ന കോടതി കണ്ടെത്തല്‍ കമ്മീഷെൻറ കണ്ടെത്തലുമായി യോജിക്കുന്നില്ല.
ആർ.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി, ശിവസേന, ബജ്റംഗ്ദള്‍ തുടങ്ങി ഹിന്ദുത്വ സംഘടന നേതാക്കളായ 68 പേരെ സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചത് ഇവരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമാണെന്ന കമ്മീഷെൻറ പ്രധാന കണ്ടെത്തലുകളൊന്നും കോടതി പരിഗണിച്ചില്ല. കോടതി ഇത്തരം വിഷയങ്ങളിലേക്ക് കടന്നിട്ടില്ലേ എന്ന കാര്യം അറിയില്ലെന്നും ജസ്റ്റിസ് ലിബര്‍ഹാന്‍ പ്രതികരിച്ചു.
'വിഡിയോ, ഓഡിയോ തെളിവുകളുടെ ആധികാരികതയാണ് കോടതി ചോദ്യം ചെയ്തത്. എന്നാല്‍ ഇത് മാത്രമല്ല തെളിവുകളായി ഉണ്ടായിരുന്നത്. ഒട്ടേറെ കണ്ടെത്തലുകള്‍ കമ്മീഷന്‍ നടത്തിയിരുന്നു'- അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.