നീതിയോ, വേട്ടയോ?
text_fieldsന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖം നോക്കാതെ നിയമം നടപ്പാക്കുകയാണോ, ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി പ്രതിപക്ഷത്തെ വേട്ടയാടുകയാണോ? ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങിയ ഘട്ടത്തിൽ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അതിന്റെ കാർക്കശ്യം മുഴുവൻ പുറത്തെടുക്കുമ്പോൾ തെളിയുന്നത് അമിതാധികാര പ്രയോഗം.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട നാമനിർദേശ പത്രിക സമർപ്പണം തുടങ്ങിയതിനു പിറ്റേന്ന് രണ്ട് പ്രധാന സംഭവങ്ങളാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അരങ്ങേറിയത്. ആം ആദ്മി പാർട്ടി തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നത് ശരിവെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളിനെ ഇ.ഡി നാടകീയമായി അറസ്റ്റു ചെയ്തു.
നാലു ബാങ്കുകളിലായുള്ള 11 അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിനാൽ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയെ തെരഞ്ഞെടുപ്പിൽ പാപ്പരാക്കി മാറ്റിയെന്ന് കോൺഗ്രസിന്റെ സമുന്നത നേതാക്കൾ അസാധാരണ വാർത്തസമ്മേളനം വിളിച്ചു പറഞ്ഞത് മണിക്കൂറുകൾ മുമ്പു മാത്രം.
ഝാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചുകൊണ്ടാണ് ഇൻഡ്യ മുന്നണിയുടെ പ്രധാന മുഖങ്ങളിലൊന്നായ ജെ.എം.എം നേതാവ് ഹേമന്ദ് സോറനെ ഏതാനും ആഴ്ച മുമ്പ് കേന്ദ്ര അന്വേഷണ ഏജൻസി ജയിലിലാക്കിയത്. തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ. കവിതയെ ഡൽഹി മദ്യനയ കേസിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ചത് ദിവസങ്ങൾ മുമ്പു മാത്രം.
ചോദ്യക്കോഴ ആരോപണമുയർത്തി എം.പി സ്ഥാനത്തിന് അയോഗ്യയാക്കിയ തൃണമൂൽ കോൺഗ്രസിലെ മഹുവ മൊയ്ത്രക്കെതിരെ സി.ബി.ഐ കേസെടുത്തതും കഴിഞ്ഞ ദിവസമാണ്.
ഇത്തരത്തിൽ പ്രതിപക്ഷ നിരയെ തെരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കാൻ കഴിയാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ അലങ്കോലമാക്കുന്നത് മോദിസർക്കാറിന്റെ പ്രത്യേക താൽപര്യപ്രകാരമാണെന്നും നീതിയും നിയമവാഴ്ചയും ഉറപ്പു വരുത്താനുള്ള വ്യഗ്രതയല്ലെന്നുമാണ് പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കർക്കശ മുഖം വോട്ടർമാർക്കു മുന്നിൽ പ്രദർശിപ്പിച്ച്, അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത നേതാവും പാർട്ടിയുമെന്ന പ്രതിച്ഛായ സമ്പാദിക്കാനുള്ള ശ്രമം ‘വേട്ട’യിൽ തെളിയുന്നുണ്ട്. ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീംകോടതിയുടെ ശക്തമായ ഉത്തരവുകൾക്കു മുന്നിൽ പ്രതിച്ഛായ തകർന്നു നിൽക്കുന്ന ചിത്രം മറക്കാനുള്ള തന്ത്രംകൂടി പ്രതിപക്ഷ നിരയെ ലാക്കാക്കിയുള്ള കേന്ദ്ര ഏജൻസികളുടെ തിരക്കിട്ട നീക്കങ്ങളിൽ പ്രതിഫലിക്കുന്നു.
അതേസമയം, ഇത് പ്രതിപക്ഷ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടാനും അമിതാധികാര പ്രയോഗത്തിനെതിരായ വികാരമായി വോട്ടർമാർക്കിടയിൽ പടരാനുമുള്ള സാധ്യത വർധിച്ചു.
ചുരുങ്ങിയ കാലത്തിനുള്ളിൽ ദേശീയ പാർട്ടികളിലൊന്നായി വളർന്ന ആം ആദ്മി പാർട്ടിയെ ഒതുക്കാനാണോ, കൂടുതൽ ശക്തമാക്കാനാണോ കെജ്രിവാളിന്റെ അറസ്റ്റ് വഴിയൊരുക്കുക എന്ന ചോദ്യം ഉന്നയിക്കുന്നവർ ഏറെ. ഡൽഹിയിൽ ഏഴു ലോക്സഭ സീറ്റും കൈയടക്കിപ്പോന്ന ബി.ജെ.പിക്ക് കോൺഗ്രസ്-ആപ് സഖ്യം സൃഷ്ടിച്ച അങ്കലാപ്പിന്റെ തുടർച്ചയാണ് ‘വേട്ട’യെന്നും വിലയിരുത്തപ്പെടുന്നു. ഏഴിൽ ആറു സിറ്റിങ് എം.പിമാരെയും മാറ്റി ഡൽഹിയിൽ പുതിയ മുഖം ബി.ജെ.പിക്ക് അവതരിപ്പിക്കേണ്ടിവന്നിരുന്നു.
ഡൽഹി മദ്യനയക്കേസിന്റെ വഴി
അത്യസാധാരണ നീക്കത്തിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിചേർത്തിരിക്കുന്ന ഡൽഹി മദ്യനയക്കേസ് ഇതാണ്:
രണ്ടു കേസുകൾ
മദ്യനയവുമായി ബന്ധപ്പെട്ട രണ്ടു കേസുകളാണ് കെജ്രിവാളിനെതിരെയുള്ളത്. ഒന്ന് സി.ബി.ഐ കേസും മറ്റൊന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസും.
തുടക്കം 2022ൽ
മദ്യനയം രൂപവത്കരിക്കുന്ന നടപടിക്രമത്തിൽ പാളിച്ചയുണ്ടെന്ന് വിശദീകരിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ, ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാറിന് നൽകിയ റിപ്പോർട്ടാണ് കേസിനാധാരം.
‘‘ഡൽഹി ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പിന്റെ ചുമതലയുമുള്ള മനീഷ് സിസോദിയ നിയമവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനത്തിലൂടെ ഖജനാവിന് 580 കോടി നഷ്ടം വരുത്തി’’ -റിപ്പോർട്ട് പറയുന്നു.
-ആം ആദ്മി പാർട്ടി നേതാക്കളും ഡൽഹി സർക്കാറിനെ നയിക്കുന്നവരുമായവർ മദ്യവ്യവസായികളിൽനിന്ന് കൈക്കൂലി വാങ്ങി, ഡിസ്കൗണ്ട് നൽകുകയും ലൈസൻസ് ഫീസിന് കാലാവധി നീട്ടുകയും ചെയ്തുവെന്നും റിപ്പോർട്ട് ആരോപിച്ചു.
സിസോദിയ സി.ബി.ഐ പിടിയിൽ
ഫെബ്രുവരി 26: റിപ്പോർട്ട് ലഭിച്ച സി.ബി.ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. പുറമെ, 14 പേർക്കുമെതിരെ കുറ്റമാരോപിച്ച് കേസെടുത്തു. ഇതിൽ ആം ആദ്മി പാർട്ടി വാർത്താവിതരണ വിഭാഗം നേതാവ് വിജയ് നായരടക്കമുണ്ട്. 292 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് ഇ.ഡി കോടതിയിൽ.
ഇ.ഡി ആരോപണം
12 ശതമാനം ലാഭത്തിന് മദ്യ മൊത്ത വ്യാപാരികൾക്ക് നൽകിയതാണ് അഴിമതി. ഇതിൽ ആറു ശതമാനം കൈക്കൂലിയാണ്. ലോബികൾക്ക് അനുകൂലമായി മനഃപൂർവം പഴുതുകൾ സൃഷ്ടിച്ച് ‘ആപ്പി’ന് പണം ലഭിക്കാൻ വഴിതെളിച്ചു.
‘സൗത്ത് ഗ്രൂപ്പിൽനിന്ന് 100 കോടി’
സൗത്ത് ഗ്രൂപ് എന്ന സ്ഥാപനത്തിൽനിന്ന് ആപ് നേതാക്കൾ 100 കോടി കൈപ്പറ്റിയെന്നും ഇ.ഡി.
കവിതയുടെ അറസ്റ്റ്
മാർച്ച് 15: കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിതയെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. സൗത്ത് ഗ്രൂപ്പുമായി ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്.
കെജ്രിവാളിനെതിരായ ആരോപണം
കവിതയുടെ അറസ്റ്റിനു പിന്നാലെ, അരവിന്ദ് കെജ്രിവാളാണ് യഥാർഥ ആസൂത്രകൻ എന്ന് ഇ.ഡി ആദ്യമായി ആരോപണമുന്നയിച്ചു.
‘‘ഡൽഹി മദ്യനയത്തിൽ നേട്ടം കിട്ടുന്നതിനുവേണ്ടി കവിതയും മറ്റു പ്രതികളും ചേർന്ന് കെജ്രിവാൾ അടക്കമുള്ള ആപ് നേതാക്കളുമായി ഗൂഢാലോചന നടത്തി. ഇതിനു പ്രത്യുപകാരമായി ആപ് നേതാക്കൾക്ക് 100 കോടി രൂപ നൽകുന്നതിൽ കവിത പങ്കാളിയായി’’ -ഇ.ഡി ആരോപിച്ചു. പ്രതികളിൽ ഒരാളുമായി കെജ്രിവാൾ നേരിട്ട് സംസാരിച്ചുവെന്നും സപ്ലിമെന്ററി കുറ്റപത്രത്തിൽ ഇ.ഡി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.